25 C
Kottayam
Friday, May 10, 2024

പോലീസ് കൈയൊഴിഞ്ഞു: മകന്റെ ജീവനെടുത്തയാളെ സ്വയം കണ്ടെത്തി; വിജയംകണ്ടത് അഛന്റെ 8 വർഷത്തെ പോരാട്ടം

Must read

ഗൂര്‍ഗോണ്‍: തന്റെ മകന്റെ മരണത്തിനു കാരണക്കാരായവര്‍ക്കു നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കണം, തങ്ങള്‍ക്കു നീതി ലഭിക്കണം,
കഴിഞ്ഞ എട്ടുവര്‍ഷമായി ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ജിതേന്ദര്‍ ചൗധരിയുടെ ആവശ്യം ഇതുമാത്രമായിരുന്നു. മകനെ ഇടിച്ചു കൊലപ്പെടുത്തിയ വാഹനവും കേസിലെ തെളിവുകളുമെല്ലാം സ്വയം കണ്ടെത്തി നല്‍കിയിട്ടും നീതി ഉറപ്പാക്കേണ്ടവര്‍ അദ്ദേഹത്തെ കൈയൊഴിഞ്ഞു. പോലീസില്‍ വിശ്വാസം നഷ്ടപ്പെട്ട അയാള്‍ക്ക് കോടതികളില്‍ മാത്രമായിരുന്നു പ്രതീക്ഷ. നിരവധി കോടതികളില്‍ പലതവണ കയറിയിറങ്ങി, ഒടുവില്‍ തനിക്കു ലഭിക്കേണ്ട നീതി അയാള്‍ നേടിയെടുത്തു. അത് നിശ്ചയദാര്‍ഢ്യത്തോടെ പോരാടിയ ഒരു പിതാവിന്റെ, നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിച്ച പൗരന്റെ വിജയമായിരുന്നു.

2015 ജൂണില്‍ ഹരിയാനയിലെ റെയില്‍വെ വിഹാറില്‍ സെക്ടര്‍ 57-ല്‍വെച്ചായിരുന്നു ജിതേന്ദര്‍ ചൗധരിയുടെ പതിനഞ്ചുവയസ്സുകാരനായ മകന്‍ അമിത് ചൗധരിയെ അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി കുട്ടി മരിച്ചു. ആ ദിവസംതന്നെ പോലീസ് സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍, കേസന്വേഷണം എങ്ങുമെത്തിയില്ല. അപകടമുണ്ടാക്കിയവരെ കണ്ടെത്താനായില്ല. പോലീസിന്റെ അനാസ്ഥ മനസിലായതോടെയാണ് ജിതേന്ദര്‍ ചൗധരിയെന്ന ബിസിനസ്സുകാരന്‍ സ്വയം അന്വേഷണത്തിനിറങ്ങിയത്.

അപകടമുണ്ടായ സ്ഥലത്തുനിന്ന് ഇടിച്ചതെന്നു കരുതുന്ന കാറിന്റെ പൊട്ടിയ കണ്ണാടിയും ലോഹകഷ്ണങ്ങളും അദ്ദേഹത്തിനു ലഭിച്ചിരുന്നു. ഇതുപയോഗിച്ച് കാര്‍ കണ്ടെത്താനായി ജിതേന്ദറിന്‍റെ ശ്രമം. എതെങ്കിലും കാര്‍ കണ്ണാടി മാറ്റാന്‍ പോയിരുന്നോ എന്നറിയാല്‍ അപകടമുണ്ടായതിന്റെ അടുത്തുള്ള എല്ലാ വര്‍ക്ക്‌ഷോപ്പുകളിലും സര്‍വീസ് കേന്ദ്രങ്ങളിലും അയാള്‍ അന്വേഷിച്ചു. എന്നാല്‍ ആ ശ്രമം വിഫലമായി.

കിട്ടിയ കണ്ണാടി മാരുതി സുസുക്കി സ്വിഫറ്റ് വിഡിഐ മോഡല്‍ കാറിന്റെതാണെന്ന ഒരു മെക്കാനിക്ക് നല്‍കിയ സൂചന മാത്രമായിരുന്നു പിന്നീട് ജിതേന്ദറിന്റെ മുന്നിലുണ്ടായിരുന്നത്. ഇതോടെ സഹായത്തിനായി മാരുതിയെ സമീപിച്ചു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനുശേഷം കണ്ണാടിയിലുണ്ടായിരുന്ന ബാച്ച് നമ്പറില്‍ നിന്ന് കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പറും ഉടമയുടെ പേരും കണ്ടെത്തി. ഈ വിവരങ്ങളും തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു.

പതിയെ തിരിച്ചറിഞ്ഞിട്ടും തെളിവുകള്‍ ലഭിച്ചിട്ടും കേസില്‍ യാതൊരു നടപടിയും ഉണ്ടാകാതെവന്നതോടെയാണ് 2016 ജനുവരിയില്‍ ജിതേന്ദര്‍ കോടതിയെ സമീപിച്ചത്. മജിസ്‌ട്രേറ്റിന് ഒരു കുറ്റകൃത്യത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയുന്ന സിആര്‍പിസി നിയമത്തിലെ സെക്ഷന്‍ 156(3) പ്രകാരമായിരുന്നു ഹര്‍ജി നല്‍കിയത്. ഇത് പരിഗണിച്ച ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ആകൃതി വര്‍മ്മ, അന്വേഷണ ഉദ്യോഗസ്ഥനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ‘പ്രതിയെ കണ്ടെത്താനായില്ല’ എന്നായിരുന്നു പോലീസിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ജൂലൈ 27-ന് കോടതി ഈ റിപ്പോര്‍ട്ട് അംഗീകരിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച ഒരു വിവരവും ജിതേന്ദറിന് ലഭിച്ചിരുന്നില്ല.

ഇതോടെ വിചാരണക്കിടെ അധിക തെളിവുകള്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന സിആര്‍പിസി നിയമത്തിലെ സെക്ഷന്‍ 173(8) പ്രകാരം 2018 ഏപ്രിലില്‍ വീണ്ടും ജിതേന്ദർ കോടതിയില്‍ ഹര്‍ജി നല്‍കി. എന്നാല്‍, നേരത്തെയുള്ള കോടതി വിധിയുടെ അവലോകനമാകുമെന്ന് വിലയിരുത്തി ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ആകൃതി വര്‍മ്മ തന്നെ ഈ ഹര്‍ജി തള്ളി. കേസില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജിതേന്ദറിനോട് പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച.ഒ.യെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു.

ഈ വിധിക്കെതിരെ ജിതേന്ദർ സെക്ഷന്‍ കോടതിയെ സമീപിച്ചെങ്കിലും വീണ്ടും ഹര്‍ജി തള്ളി. ഇതിനിടെയാണ് കോവിഡ് വലിയൊരു വെല്ലുവിളി ഉയര്‍ത്തിയത്. കേസില്‍ രണ്ടു വര്‍ഷത്തോളം ജിതേന്ദറിന് ഒന്നും ചെയ്യാനായില്ലെങ്കിലും തന്റെ പോരാട്ടം അവസാനിപ്പിക്കാന്‍ അയാള്‍ ഒരുക്കമായിരുന്നില്ല.

തന്റെ മകനെ ഇടിച്ച വാഹനത്തിന്റെ ഉടമയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് 2023 ജനുവരിയില്‍ ജിതേന്ദര്‍ കോടതിയെ വീണ്ടും സമീപിച്ചു. കേസും പോലീസ് റിപ്പോര്‍ട്ടും വിലയിരുത്തിയ കോടതി പരാതിക്കാരനെ അറിയിക്കാതെ ‘പ്രതിയെ കണ്ടെത്താനായില്ലെന്ന’ റിപ്പോര്‍ട്ട് അംഗീകരിക്കുന്നത് തെറ്റാണെന്ന് നിരീക്ഷിച്ചു. പരാതിക്കാരന് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചതെന്നും കോടതി പറഞ്ഞു.

‘പൗരന് പോലീസിലും അന്വേഷണ ഏജന്‍സിയിലുമുള്ള വിശ്വാസം തിരികെ കൊണ്ടുവരാന്‍ കഴിയില്ലെങ്കില്‍ കോടതിയാണ് പരാജയപ്പെടുന്നത്. പരാതിക്കാരന്‍ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയ തെളിവുകള്‍ പരിശോധിക്കുമ്പോള്‍ തുടര്‍ അന്വേഷണം വളരെ അനിവാര്യമായ കേസാണിതെന്ന് വ്യക്തമാണ്’, കോടതി നിരീക്ഷിച്ചു.

അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലത്തില്ലെന്നും ഉത്തരാഖണ്ഡിലാണെന്നുമാണ് കോടതിയുടെ നിരീക്ഷണത്തിനു ശേഷവും പോലീസ് ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. തുടര്‍ന്ന് സെക്ടര്‍ 56 പോലീസ് സ്റ്റേഷനിലെ പോലീസുക്കാരെ ശാസിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥന്റെ പെരുമാറ്റവും മനോഭാവവും കേസിലെ സത്യാവസ്ഥ വ്യക്തമാക്കുന്നുണ്ടെന്നും പറഞ്ഞു.

6-7 വര്‍ഷത്തിനു ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കോടതിയുടെ ഉത്തരവ് പോലും അന്വേഷണ ഉദ്യോഗസ്ഥന്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും തെളിവ് നശിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. ഇതോടെ പോലീസ് അന്വഷണം ഊർജിതമാക്കുകയും കഴിഞ്ഞയാഴ്ച വാഹനയുടമക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

‘എട്ടു വര്‍ഷത്തെ പോരാട്ടത്തിനുശേഷം ആവശ്യപ്പെട്ട കാര്യം നടക്കുകയാണ്. മോശമായ അന്വേഷണങ്ങള്‍ക്കും വിധികള്‍ക്കും ശേഷം എന്റെ മകനെ കൊന്നയാളെ അറസ്റ്റ് ചെയ്യുമെന്നും വൈകാതെ ഞങ്ങള്‍ക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ’, ജിതേന്ദർ ചൗധരി പറഞ്ഞു. ഏത് നിരാശയിലും പ്രതീക്ഷ കൈവിടാതിരുന്ന അയാള്‍ കാത്തിരിക്കുന്നത് തനിക്ക് നീതി ലഭിക്കുന്ന ആ ദിവസത്തിനുവേണ്ടിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week