പോലീസ് ജീപ്പിന്റെ ബീക്കണ്‍ ലൈറ്റ് കാണാതായി; അഴിച്ചുകൊണ്ടു പോയത് മുന്‍ എസ്.ഐ!

തൊടുപുഴ: പോലീസ് സ്റ്റേഷനിലെ വാഹനത്തിന്റെ ബീക്കണ്‍ ലൈറ്റ് കാണാതായി, അന്വേഷണം നടത്തിയപ്പോള്‍ മുന്‍ എസ്.ഐ തന്നെയാണ് അഴിച്ചുകൊണ്ടു പോയതെന്ന് വ്യക്തമായി. ലോറേഞ്ചിലെ പോലീസ് സ്റ്റേഷനിലുള്ള വാഹനത്തിനു മുകളില്‍ വെള്ളിയാഴ്ച രാത്രി വരെ തെളിഞ്ഞ ബീക്കണ്‍ ലൈറ്റാണ് ഇന്നലെ കാണാതായത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുന്‍ എസ്‌ഐയാണ് ഇവിടെ എത്തി ബീക്കണ്‍ ലൈറ്റ് അഴിച്ചു കൊണ്ടുപോയതെന്ന് വ്യക്തമാകുകയായിരിന്നു. എസ്‌ഐ മുമ്പിരുന്ന സ്റ്റേഷനില്‍ നിന്നു കൊണ്ടുവന്നതാണ് 12,000 രൂപയോളം വരുന്ന ഈ ലൈറ്റ്. അദ്ദേഹം സ്വന്തം കൈയില്‍ നിന്ന് പണം നല്‍കി വാങ്ങിയതാണെന്നാണ് പറയുന്നത്.

മുട്ടത്തു നിന്നു വര്‍ക്ക് അറേഞ്ച്മെന്റിന്റെ ഭാഗമായി മറ്റൊരു സ്റ്റേഷനിലേക്കു പോയ ഇദ്ദേഹം അവിടെ സ്ഥിരമാവുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ എത്തി ബീക്കണ്‍ ലൈറ്റ് അഴിച്ചുകൊണ്ടുപോയി.

ഏതായാലും ലൈറ്റില്ലാതെയാണ് പോലീസ് വാഹനം ഇന്നലെ നിരത്തിലെത്തിയത്. എന്നാല്‍, ലൈറ്റ് എവിടെയെന്ന് അന്വേഷിച്ച നാട്ടുകാരോട് നന്നാക്കാന്‍ കൊടുത്തു എന്നു പറഞ്ഞു തടിയൂരുകയായിരിന്നു പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News