കോട്ടയം: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശ്വാസികളെ ആരെയും പങ്കെടുപ്പിക്കാതെ ഒറ്റയ്ക്കു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികനെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച ഏറ്റുമാനൂര്‍ പോലീസിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം. ഇന്നു രാവിലെ പള്ളിയില്‍ സന്ദര്‍ശനം നടത്തിയ ഏറ്റുമാനൂര്‍ സിഐ പള്ളിയുടെ വാതില്‍ തുറന്നു കിടക്കുന്നതുകണ്ട് ദേവാലയ ശുശ്രൂഷിയോടു കാര്യം തിരക്കി. പള്ളിയില്‍ വൈദികന്‍ തനിച്ചു കുര്‍ബാന അര്‍പ്പിക്കുകയാണെന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു.
എന്നാല്‍ പള്ളിയില്‍ ചടങ്ങുകളൊന്നും പാടില്ലെന്ന് അറിയില്ലേ, എന്നു ചോദിച്ച ഉദ്യോഗസ്ഥന്‍ വൈദികന്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നു നിര്‍ദേശിച്ചു. എന്നാല്‍, യാതൊരു കൊവിഡ് മാനദണ്ഡവും ലംഘിക്കാതെ തനിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികനോടു സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞതു തികഞ്ഞ അധികാര ദുര്‍വിനയോഗമാണെന്നു സംഭവത്തില്‍ പ്രതികരിച്ച രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ പറഞ്ഞു.
പള്ളി അധികൃതര്‍ ഉന്നത പോലീസ് അധികാരികളുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് ഏറ്റുമാനൂര്‍ പോലീസ് നടപടിയില്‍ നിന്നു പിന്തിരിഞ്ഞത്. തികച്ചും നിയമാനുസൃതമായി കുര്‍ബാനയര്‍പ്പിച്ച വൈദികനെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച നടപടി മതസ്വാതന്ത്ര്യത്തിനെതിരേയുള്ള വെല്ലുവിളിയാണെന്നു ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവിക്കു രേഖാമൂലം പരാതി നല്‍കാന്‍ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി അധികൃതര്‍ തീരുമാനിച്ചു.
സംഭവത്തില്‍ എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, സിപിഎം നേതാവ് വി.എന്‍.വാസവന്‍, കോണ്‍ഗ്രസ് നേതാവ് ടോമി കല്ലാനി, കേരള കോണ്‍ഗ്രസ് ഹൈ പവര്‍ കമ്മിറ്റി അംഗം പ്രിന്‍സ് ലൂക്കോസ് തുടങ്ങിയവര്‍ പ്രതിഷേധിച്ചു. പോലീസിന്റെ അധികാര ദുര്‍വിനിയോഗത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.