ആ ഫോണ്‍ തിരിച്ച് തരുമോ? അമ്മയെ കൊന്ന കേസില്‍ അച്ഛന്‍ ജയിലില്‍, ഒമ്പതുകാരന്റെ ചോദ്യത്തിന് മുന്നില്‍ പതറി പോലീസ്; ഒടുവില്‍ പുതിയ ഫോണ്‍ സമ്മാനം

തൃശൂര്‍: അമ്മയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന അച്ഛന്റെ ഫോണ്‍ തിരികെ തരുമോ എന്ന ഒന്‍പതു വയസുകാരന്റെ ചോദ്യത്തിന് മുന്നില്‍ പോലീസ് ഉദ്യോഗസ്ഥയായ ഷാലി ആദ്യം പതറി. അവന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നത് ആ ഫോണിലാണ്. തൊട്ടടുത്ത ദിവസം പോലീസ് ഉദ്യോഗസ്ഥര്‍ പുത്തന്‍ ഫോണുമായി ആ കുട്ടിയെ തേടിയെത്തി. ഇരുള്‍ മൂടി നിന്ന അവന്റെ ജീവിതത്തിലേക്കൊരു വെളിച്ചമായി ആ സമ്മാനം.

തൃശൂര്‍ പുത്തന്‍ചിറ പിണ്ടാണിയില്‍ കഴിഞ്ഞ മാസം നടന്ന കൊലപാതകത്തില്‍ അമ്മയെ നഷ്ടപ്പെടുകയും അച്ഛന്‍ പ്രതിയായി ജയിലില്‍ കഴിയുകയും ചെയ്യുന്ന കുട്ടിയെ തേടിയാണു പോലീസിന്റെ സ്നേഹസമ്മാമെത്തിയത്. മരണവുമായി ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ പോലീസ് ഉദ്യോഗസ്ഥ എം ജി ഷാലിക്കൊപ്പം തൃശൂരിലേക്കു പോകുമ്പോഴാണു തൊണ്ടിമുതലായി ഏറ്റെടുത്ത ഫോണ്‍ തിരിച്ചുതരാമോ എന്നു കുട്ടി ചോദിച്ചത്.

ഒപ്പമുള്ളതു സ്‌കൂളിലെ ടീച്ചറാണെന്നായിരുന്നു അവന്റെ വിചാരം. ഇന്നലെ യൂണിഫോമില്‍ ഷാലി എത്തിയപ്പോഴാണു കുട്ടിക്ക് അത് പോലീസാണെന്നു മനസ്സിലായത്. പഠിച്ചു മിടുക്കനായി പോലീസ് സേനയില്‍ ചേരണമെന്ന ആശംസ നല്‍കിയാണു പോലീസ് സംഘം മടങ്ങിയത്. അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇപ്പോള്‍ അവനും അനിയത്തിയും. വാടക വീട്ടില്‍ കഴിയുന്ന ഇവര്‍ വല്ലപ്പോഴുമുള്ള കൂലിപ്പണിയിലൂടെയാണു കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News