KeralaNews

‘വീടുപണി നടന്നപ്പോഴും ഞാന്‍ മുറിക്കകത്ത് ഉണ്ടായിരുന്നു’; പത്തുവര്‍ഷം നടന്ന കാര്യങ്ങള്‍ വിവരിച്ച് സജിത

പാലക്കാട്: വീട്ടിലെ കുടുസുമുറിയില്‍ റഹ്മാനൊപ്പം സജിത പത്തുവര്‍ഷം കഴിഞ്ഞതില്‍ ദുരൂഹതയില്ലെന്ന് പോലീസ്. മുറിയില്‍ കഴിഞ്ഞതുസംബന്ധിച്ച് വ്യക്തമായ വിവരങ്ങളാണ് സജിതയില്‍ നിന്ന് പോലീസിന് ലഭിച്ചത്. പത്തുവര്‍ഷം വീട്ടില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് സജിതപറഞ്ഞതെല്ലാം ശരിവെക്കുന്ന തരത്തിലാണ് മാതാപിതാക്കളുമായി സംസാരിച്ചപ്പോഴും പോലീസിന് ലഭിച്ച വിവരങ്ങള്‍.

വീട് അറ്റകുറ്റപ്പണി നടന്നപ്പോഴും താന്‍ മുറിക്കകത്ത് ഉണ്ടായിരുന്നെന്ന് സജിത മൊഴിനല്‍കി. ഇതിനു തെളിവായി പണിക്കുവന്ന സമീപവാസികളുടെ പേരടക്കം സജിത പോലീസിനോട് പറഞ്ഞെന്നാണ് സൂചന. മുറിക്കുള്ളില്‍ താമസിച്ച കാലത്ത് സമീപവീടുകളില്‍ നടന്ന കാര്യങ്ങളും തെരഞ്ഞെടുപ്പുപ്രചാരണത്തിനുവന്ന സ്ഥാനാര്‍ത്ഥികളെക്കുറിച്ചും സജിത പോലീസിനോട് പറഞ്ഞു.

വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് റഹ്മാനൊപ്പം സജിത പത്തുവര്‍ഷം കഴിഞ്ഞതില്‍ ദുരൂഹതയില്ലെന്ന് പോലീസ് ആവര്‍ത്തിച്ചത്. സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും. കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍, അംഗങ്ങളായ ഷാഹിദാ കമാല്‍, ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിലാണ് നെന്മാറയില്‍ തെളിവെടുപ്പ്.

കമ്മീഷന്‍ ആദ്യം സജിതയെയും റഹ്മാനെയും വിത്തനശ്ശേരിയിലെത്തി കാണും. തുടര്‍ന്ന് അയിലൂരിലെത്തി മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തും. സംഭവത്തില്‍ നെന്മാറ പോലീസ് റഹ്മാന്റെയും സജിതയുടെയും മാതാപിതാക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തി. പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയുടെ വിവരങ്ങള്‍ കൂടി ചേര്‍ത്താണ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയത്.

റഹ്മാന്റെയും സജിതയുടെയും മൊഴിയില്‍ അവിശ്വസനീയമായ കാര്യങ്ങളില്ലെന്നാണ് ആദ്യം പോലീസ് പറഞ്ഞിരുന്നത്. സംഭവത്തില്‍ ദുരൂഹത നീക്കാനും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനുമാണ് വനിതാ കമ്മീഷന്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button