ആ അശ്ലീല വീഡിയോകള്‍ ഇനിയും നീക്കം ചെയ്യാതെ പോലീസ്; ഇപ്പോഴും കാണുന്നത് ആയിരങ്ങള്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി. നായര്‍ക്കെതിരെ കേസെടുത്തിട്ടും യൂട്യൂബല്‍ നിന്നും ആ വീഡിയോകള്‍ ഡിലീറ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കാതെ പോലീസ്. ഇപ്പോഴും നിരവധിപ്പേരാണ് ഇത് കാണുന്നത്. എന്നാല്‍, വിഷയത്തില്‍ സൈബര്‍ പരിശോധനകള്‍ തുടരുകയാണെന്നാണ് പോലീസിന്റെ വിശദീകരണം.

വീഡിയോ ഡിലീറ്റാക്കിയെന്ന് വിജയ് പറഞ്ഞെങ്കിലും ഇപ്പോഴും ആ വീഡിയോയും അശ്ലീലം നിറഞ്ഞ ഒട്ടേറെ വീഡിയോകളുള്ള അദേഹത്തിന്റെ യൂട്യൂബ് ചാനലും സജീവമായി തുടരുകയാണ്. യൂട്യൂബില്‍ പരാതി നല്‍കി വിഡിയോ ഡിലീറ്റ് ചെയ്യാനുള്ള പോലീസ് നടപടി വൈകുന്നതോടെ ലക്ഷങ്ങള്‍ അത് കാണുന്നതിനും ഇടയാകുന്നുണ്ട്. ഇന്ന് സൈബര്‍ സെല്‍ വിഡിയോ പരിശോധിക്കുമെന്നും അതിന് ശേഷം യൂട്യൂബിന് അപേക്ഷ നല്‍കുമെന്നുമാണ് പോലീസിന്റെ വിശദീകരണം. ഇതോടെ അശ്ലീല വിഡിയോ കേസിലെ നടപടി വൈകിയേക്കും.

കരി ഓയില്‍ പ്രയോഗത്തിനും മര്‍ദനത്തിനും വഴിവച്ച വിജയ് പി.നായരുടെ വിഡിയോ സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്നതെന്ന് വ്യക്തമായതോടെയാണ് പോലീസ് കേസെടുത്തത്. ജാമ്യം കിട്ടുന്ന നിസാരവകുപ്പുകള്‍ പ്രകാരമാണ് കേസെന്ന് മാത്രമല്ല, ആ വീഡിയോക്കെതിരെയും കാര്യമായ നടപടി പോലീസ് സ്വീകരിക്കുന്നില്ല. അതേസമയം, കയ്യേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും എതിരെയുള്ള കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News