കൊവിഡ് രോഗി ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയത് പുഴുവരിച്ച നിലയില്‍! സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന കൊവിഡ് രോഗി ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയത് പുഴുവരിച്ച നിലയില്‍. വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനാണ് ഈ ദുരനുഭവം ഉണ്ടായത്. വീഴ്ചയിലേറ്റ പരിക്കുകളെ തുടര്‍ന്നാണ് ഓഗസ്റ്റ് 21ന് അനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയവെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കളോട് നിരീക്ഷണത്തില്‍ പോകാനും അധികൃതര്‍ നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസമാണ് അനില്‍കുമാറിന് കൊവിഡ് രോഗബാധ നെഗറ്റീവായത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലെത്തിച്ച അനില്‍കുമാറിന്റെ ശരീരത്തില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദേഹമാസകലം പുഴുവരിക്കുന്നത് കണ്ടത്.

ക്ഷീണിച്ച് അവശനായി എല്ലുകള്‍ പുറത്തേക്ക് തള്ളിയ നിലയിലാണ് അനില്‍കുമാറിനെ ഒരു മാസശേഷം തങ്ങള്‍ കാണുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ അനില്‍കുമാറിന്റെ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News