മാസ്‌ക് ധരിച്ചില്ല; യുവാവിന്റെ കാലില്‍ ആണി തറച്ച് കയറ്റി പോലീസ്!

ലക്‌നൗ: മാസ്‌ക് ധരിച്ചില്ലെന്ന കാരണത്താല്‍ ഉത്തര്‍പ്രദേശില്‍ യുവാവിന്റെ കാലിലും കയ്യിലും പോലീസ് ആണി തറച്ചു കയറ്റിയെന്ന് ആരോപിച്ച് പരാതിയുമായി യുവാവിന്റെ അമ്മ. മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

അതേസമയം ആരോപണങ്ങളെല്ലാം നിഷേധിച്ച് ബറേലി പോലീസ് രംഗത്തെത്തി. നിരവധി കേസുകളില്‍ പ്രതിയായ യുവാവ് ആണ് ഇയാള്‍. അതില്‍ നിന്ന് തടിയൂരാന്‍ പൊലീസിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് എസ്.എസ്.പി രോഹിത് സാജ്‌വാന്‍ വ്യക്തമാക്കി എന്നാണ് റിപ്പോര്‍ട്ട്.

ബറേലിയില്‍ നടന്ന സംഭവത്തിന്റെ ചിത്രങ്ങള്‍ യുവാവിന്റെ അമ്മ പുറത്തുവിട്ടിട്ടുണ്ട്.
സംഭവത്തില്‍ യുവാവിന്റെ അമ്മയുടെ വാക്കുകള്‍ ഇങ്ങനെ…

മാസ്‌ക് ധരിക്കാത്തിനെ തുടര്‍ന്ന് വീടിനു പുറത്തുള്ള റോഡ് വക്കില്‍ ഇരിക്കുകയായിരുന്ന മകനെ പോലീസുകാര്‍ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. താന്‍ അവിടെ അന്വേഷിച്ചെത്തിയപ്പോള്‍ മകന്‍ സ്ഥലത്തില്ല. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ മറ്റൊരിടത്തു നിന്നും മകനെ കണ്ടെത്തി. കയ്യിലും കാലിലും ആണി തറച്ചു കയറ്റിയിരുന്നു.

പോലീസുകാര്‍ക്കെതിരെ പരാതി നല്‍കിയാല്‍ മകനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി അമ്മ പറഞ്ഞുവെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News