‘നിങ്ങളുടെ അച്ഛന് പോലും എന്നെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല’; വെല്ലുവിളിച്ച് ബാബാ രംദേവ്
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ ‘അറസ്റ്റ് രാംദേവ്’ എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗായതോടെ വെല്ലുവിളിയുമായി യോഗ ഗുരു ബാബ രാംദേവ് രംഗത്ത്. നിങ്ങളുടെ അച്ഛന് പോലും എന്നെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു രാംദേവിന്റെ വെല്ലുവിളി.
രാംദേവിന്റെ വെല്ലുവിളിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സഹികെട്ട് സംഘപരിവാര്‍, ബിജെപി പ്രവര്‍ത്തകര്‍ പോലും രാംദേവിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
ആധുനികചികിത്സ വിഡ്ഢിത്തരമാണെന്ന രാംദേവിന്റെ പ്രസ്താവനയിലാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായത്. രാംദേവിന്റെ പ്രസ്താവനയ്‌ക്കെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രംഗത്തുവന്നിരുന്നു.
രാംദേവ് 15 ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കില്‍ നഷ്ടപരിഹാരമായി 1000 കോടി ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് ഐംഎഎ ഘടകം നോട്ടീസ് അയക്കുകയും ചെയ്തു. രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാരിനോടും ഐഎംഎ ആവശ്യപ്പെട്ടു. ഇതിനിടെയാണ് സമൂഹമാധ്യമങ്ങളില്‍ ‘അറസ്റ്റ് രാംദേവ്’ എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗിലെത്തിയത്.