കോട്ടയം:മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച എഎസ്ഐയെ മര്‍ദ്ദിച്ച് വനിതാ പൊലീസുകാരി. പൊലീസ് സ്റ്റേഷനുള്ളില്‍ വച്ചാണ് എഎസ്ഐയ്ക്ക് മര്‍ദ്ദനമേറ്റത്. കോട്ടയം പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. ഇതേ സ്റ്റേഷനിലെ പൊലീസുകാര്‍ തമ്മിലാണ് കയ്യാങ്കളി നടന്നത്. ഞായറാഴ്ച രാവിലെയാണ് സ്റ്റേഷനുള്ളില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യേറ്റമുണ്ടായത്. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വനിതാ പൊലീസുകാരിയുടെ ഫോണിലേക്ക് എഎസ്ഐ അശ്ലീല സന്ദേശം അയച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തര്‍ക്കം കയ്യാങ്കളിയിലെത്തുകയുമായിരുന്നു.
പള്ളക്കത്തോട് പൊലീസ് സ്‌റ്റേഷനിലെ വിവാദമായ കയ്യാങ്കളി കേസിന് കാരണം, വാട്‌സ് ആപ്പ് ബ്ലോക്കിനെ ചൊല്ലിയുള്ള തര്‍ക്കമാണെന്നും വിവരങ്ങളുണ്ട്.എസ്‌ഐയും വനിതാ പൊലീസ് ഉദ്യോഗസ്ഥയും തമ്മിലുണ്ടായിരുന്ന സൗഹൃദം എസ്‌ഐയുടെ ഭാര്യ കണ്ടെത്തുകയും തുടര്‍ന്ന് എസ്‌ഐ ഉദ്യോഗസ്ഥയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തതാണ് പരിധി വിട്ട പ്രശ്‌നങ്ങളിലേക്ക് എത്തിച്ചത്.
യൂണിഫോം ധരിച്ച് സ്‌റ്റേഷനുള്ളില്‍ ഏറ്റുമുട്ടിയ രണ്ടു പേരെയും ജില്ലാ പൊലീസ് മേധാവി ഇടപെട്ട് അടിയന്തിരമായി സ്ഥലം മാറ്റി.
കഴിഞ്ഞ ദിവസമാണ് പൊലീസിനാകെ നാണക്കേട് ഉണ്ടാക്കിയ സംഭവ വികാസങ്ങൾ അരങ്ങേറിയത്. പൊലീസുകാര്‍ നല്‍കുന്ന രഹസ്യ വിവരം അനുസരിച്ച് വനിതാ പൊലീസ് ഉദ്യേഗസ്ഥയും എസ് ഐയും അടുത്ത സുഹൃത്തുക്കളായിരുന്നു.ഇരുവരും പരസ്പരം സന്ദേശങ്ങളും അയയ്ക്കുമായിരുന്നു.സൗഹൃദത്തെ എതിർത്ത് എസ് ഐയുടെ ഭാര്യ രംഗത്ത് എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. നിരന്തരമായി എസ് ഐയുടെ ഫോണിലേക്ക് സുഹൃത്തിന്റെ സന്ദേശങ്ങള്‍ എത്തിയതിനെ ഭാര്യ ചോദ്യം ചെയ്തു. ഓഫീഷ്യല്‍ ആണെന്ന് പറഞ്ഞ് ഒഴിഞ്ഞെങ്കിലും ഭാര്യക്ക് മറുപടി മതിയായിരുന്നില്ല. ഫോണ്‍ പരിശോധിച്ച് ഭാര്യ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ നേരിട്ട് വിളിച്ച് വിഷയം ചർച്ച ചെയ്തു.
ഭാര്യ ഉദ്യോഗസ്ഥയെ വിളിച്ചതിന്റെ പിറ്റേന്ന് തന്നെ എസ് ഐയുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും നമ്പരുകള്‍ വാട്‌സ് ആപ്പിലും കോളിലും ബ്ലോക്ക് ചെയ്തതാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ കണ്ടത്. പിറ്റേന്ന് സ്‌റ്റേഷനിലെത്തിയ എസ് ഐയോട് വനിതാ പൊലീസ് ഉദ്യോഗസ്ഥ ഇത് ചോദിച്ചു.
ചോദ്യത്തിന്റെ ശബ്ദം ഉയര്‍ന്നതോടെ സ്‌റ്റേഷനിലുള്ളവരെല്ലാം മറുപടിയും ചോദ്യവും കേട്ടു. ഒടുവില്‍ വാക്ക് തര്‍ക്കം കയ്യാങ്കളിയിലേക്കും എത്തി. സംഭവം നാണക്കേടായതോടെ പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ്, സഭ്യകരമല്ലാത്ത പ്രവര്‍ത്തനം നടത്തിയതായി കണ്ട് രണ്ട് പേരെയും സ്ഥലം മാറ്റുകയായിരുന്നു.
രണ്ട് പേരും രാവിലെ തന്നെ നിര്‍ദ്ദേശിച്ച സ്റ്റേഷനില്‍ ജോയിന്‍ ചെയ്യണമെന്നാണ് ജില്ലാ പൊലീസ് നിര്‍ദ്ദേശം. പൊലീസിന് മാനക്കേട് ഉണ്ടാക്കിയെങ്കിലും കൂടുതല്‍ അച്ചടക്ക നടപടി വേണ്ടെന്നാണ് നിര്‍ദ്ദേശം.