യുവനടിയെ അപമാനിക്കാന്‍ ശ്രമം; ഷോപ്പിംഗ് മാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ്

കൊച്ചി: കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വെച്ച് രണ്ട് ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന മലയാളത്തിലെ യുവനടിയുടെ വെളിപ്പെടുത്തലില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഷോപ്പിംഗ് മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇതിന് ശേഷം കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കളമശേരി സിഐ വ്യക്തമാക്കി.

കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. നടി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റ്ഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്. കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുമ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് പറയുന്നു. രണ്ട് ചെറുപ്പക്കാര്‍ തന്നെ കടന്നുപിടിക്കുകയായിരുന്നു. അവര്‍ അപ്പോള്‍ തന്നെ അവിടെനിന്നും കടന്നുകളഞ്ഞു. തന്റെ സഹോദരി ഇതുകണ്ടെന്നും ഇവര്‍ പറയുന്നു.

ഈ ചെറുപ്പക്കാര്‍ തങ്ങളെ ഹൈപ്പര്‍മാര്‍ക്കറ്റില്‍വച്ചും പിന്തുടര്‍ന്നു. സംസാരിക്കാനും ശ്രമിച്ചു. എന്നാല്‍ അപ്പോള്‍ പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ഇത്തരക്കാരുടെ മുഖത്തടിക്കുകയാണ് വേണ്ടതെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ പറയുന്നു. സംഭവത്തില്‍ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. പരാതി നല്‍കാന്‍ ആലോചനയുണ്ടെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News