വാഹന പരിശോധനക്കിടെ വയോധികന് പൊലീസ് മർദ്ദനം (വീഡിയോ കാണാo)

കൊല്ലം :വാഹന പരിശോധനക്കിടെ വയോധികന് പൊലീസ് മർദ്ദനം. കൊല്ലം ജില്ലയിലെ ആയൂരിനടുത്ത് മഞ്ഞപ്പാറയിലാണ് സംഭവം. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെ ആണ് പ്രൊബേഷൻ എസ് ഐ നജീം മുഖത്തടിച്ചത്. ഹെല്‍മറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത വയോധികനെ ആണ് പൊലീസ് മർദിച്ചത്. ചൊവ്വാഴ്ച്ച രാവിലെയായിരുന്നു സംഭവം.

രാമാനന്ദന്‍ നായര്‍ എന്ന 69കാരന്‍ സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് ആയൂരിനടുത്ത് മഞ്ഞപ്പാറയിൽ വെച്ച് വാഹന പരിശോധനക്കായി പൊലീസ് കൈകാണിച്ചത്. ഇരുവര്‍ക്കും ഹെൽമറ്റോ വാഹനത്തിന്‍റെ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. തുടർന്ന് ഇരുവരോടും അഞ്ഞൂറ് രൂപ വീതം പിഴയടക്കണമെന്ന് ആവശ്യപ്പെട്ടു. ജോലിക്ക് പോവുകയാണെന്നും കൈയില്‍ പണമില്ലെന്നും ഇരുവരും പറഞ്ഞെങ്കിലും എസ്‌ഐ നജീം ഇവരെ വിട്ടയച്ചില്ല.

സ്റ്റേഷനില്‍ വന്ന് പിന്നീട് പിഴ അടക്കാമെന്ന് പറഞ്ഞിട്ടും അതിനും അനുവദിച്ചില്ല.  രോഗിയാണെന്ന് രാമാനന്ദൻ നായര്‍ അറിയിച്ചെങ്കിലും പ്രൊബേഷൻ എസ് ഐ നജീം അടക്കമുള്ളവര്‍ ഇയാളെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോകാൻ ശ്രമിച്ചു. തുടർന്ന് ബൈക്ക് ഓടിച്ചിരുന്ന ആളെ ആദ്യം പൊലീസ് വാഹനത്തിൽ കയറ്റി. പിന്നീട് രാമാനന്ദന്‍ നായരെ ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹം എതിര്‍ത്തു. താന്‍ ബൈക്കിന് പിറകില്‍ സഞ്ചരിച്ചയാളാണെന്നും തന്നെ പിടികൂടേണ്ടതില്ലെന്നുമായിരുന്നു രാമാനന്ദന്‍ നായര്‍ പറഞ്ഞത്. ഇതിൽ പ്രകോപിതനായ പ്രൊബേഷണല്‍ എസ്‌ഐ നജീം വയോധികനെ വലിച്ചിഴച്ച്‌ ജീപ്പില്‍ കയറ്റുകയും കരണത്തടിക്കുകയും ചെയ്തു.

ജംങ്ഷനിൽ ഉണ്ടായിരുന്ന ചിലരാണ് ദൃശ്യങ്ങൾ പകര്‍ത്തിയത്. രാമാനന്ദൻ നായര്‍ മദ്യപിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എസ് ഐയെ ആക്രമിക്കാൻ രാമാനന്ദൻ ശ്രമിച്ചെന്നും ഇതിനെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസ് പറയുന്നത്. ദൃശ്യങ്ങളടക്കം സംഭവം വിവാദമായതോടെ വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകാൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയോട് റൂറൽ എസ്പി ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News