നല്ലഭക്ഷണം,ഇടയ്ക്കിടെ വാഴപ്പഴം; വിഴുങ്ങിയ തൊണ്ടിമുതൽ പുറത്തെടുക്കാൻ മോഷ്ടാവിനെ തീറ്റിപ്പോറ്റി പോലീസ്;പാലക്കാട് നടക്കുന്നത് സിനിമാസ്റ്റൈൽ

പാലക്കാട്: വിശന്നാലും ഇല്ലെങ്കിലും നല്ലഭക്ഷണവും ഇടയ്ക്കിടെ വാഴപ്പഴവും… ഒരു മോഷ്ടാവിനെ തീറ്റിപ്പോറ്റി കാവലിരിക്കയാണ് പോലീസ്. മോഷ്ടാവ് പൊട്ടിച്ചെടുത്ത് വിഴുങ്ങിയ മാല തൊണ്ടിമുതലായി കണ്ടെടുക്കാനാണ് ഈ പങ്കപ്പാടെല്ലാം.

നിശ്ചിത ഇടവേളകളില്‍ എക്‌സ്റേയെടുത്ത് മാലയുടെ സ്ഥാനമാറ്റം ഉറപ്പാക്കണം. വിസര്‍ജ്യം കവറില്‍ ശേഖരിച്ച് മാലയുണ്ടോയെന്ന് നോക്കണം. ജില്ലാ ആശുപത്രിയിലെ വാര്‍ഡില്‍നിന്ന് പ്രതി രക്ഷപ്പെടാതെ നോക്കണം. ഊഴംവെച്ച് രണ്ട് പോലീസുകാര്‍ കള്ളന് കാവലിരിക്കയാണ്.

ഞായറാഴ്ചരാത്രി ഒന്‍പതിനാണ് മേലാര്‍കോട് വേലയ്ക്കിടെ മധുര സ്വദേശി മുത്തപ്പന്‍ (34) മൂന്നുവയസ്സുകാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്തത്. ഇതുകണ്ട മുത്തശ്ശി ബഹളം വെച്ചു. നാട്ടുകാര്‍ ഇയാളെ പിടികൂടി ദേഹപരിശോധന നടത്തിയെങ്കിലും മാല കിട്ടിയില്ല. മാല വിഴുങ്ങിയിട്ടുണ്ടെന്ന് ഉറപ്പിച്ചു. പോലീസ് വന്ന് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലെത്തിച്ച് എക്‌സ്റേ പരിശോധനയില്‍ മാല വയറ്റിലുണ്ടെന്ന് സ്ഥിരീകരിച്ചു.

ദഹിക്കുന്ന വസ്തു അല്ലാത്തതിനാല്‍ മാല വിസര്‍ജ്യത്തിനൊപ്പം പെട്ടെന്ന് പുറത്തുവരില്ല. രണ്ടുദിവസംകൊണ്ട് താഴേക്കിറങ്ങിവരുമെന്നാണ് പ്രതീക്ഷയെന്ന് ആലത്തൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.എന്‍. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. അതുവരെ പോലീസ് സ്പെഷ്യല്‍ ഡ്യൂട്ടി തുടരും. മാലകിട്ടിയശേഷമേ കേസിന്റെ തുടര്‍നടപടി ആരംഭിക്കൂ.

മോഷണം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ‘തൊണ്ടി’ക്കായി വല്ലാത്തൊരു കാത്തിരിപ്പിലാണ് ആലത്തൂര്‍ പോലീസ്. ഞായറാഴ്ച രാത്രിയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്ത സ്വര്‍ണമാല വിഴുങ്ങിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് എക്‌സ്‌റേ എടുത്തപ്പോള്‍ സ്വര്‍ണം അയാളുടെ വയറ്റിനുള്ളിലെന്ന് സ്ഥിരീകരിച്ചു. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോഷ്ടാവിന് വയറിളകാന്‍ മരുന്നുനല്‍കി. തൊണ്ടിമുതല്‍ ഇനി പുറത്തുവന്നിട്ടുവേണം കണ്ടെടുത്ത് തുടര്‍നടപടി സ്വീകരിക്കാന്‍. പക്ഷേ, തിങ്കളാഴ്ചയും മാല പുറത്തുവന്നിട്ടില്ല.

ചിറ്റൂര്‍ പട്ടഞ്ചേരി സ്വദേശി വിനോദിന്റെ മകള്‍ നക്ഷത്രയുടെ മാലയാണ് മോഷ്ടിച്ചത്. മാലയ്ക്ക് മുക്കാല്‍ പവന്‍ തൂക്കം വരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News