നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു, പക്ഷെ… നായയുടെ കടി ഇതാദ്യം; ആലപ്പുഴയിലെ ദുരനുഭവം പങ്കുവെച്ച് ഫ്രഞ്ച് വനിത

ആലപ്പുഴ : കേരള സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ആലപ്പുഴ യാത്രയ്ക്കിടെ അപ്രതീക്ഷിതമായി നായകടിയേറ്റ സംഭവം പങ്കുവെയ്ക്കുന്ന ഫ്രാഞ്ച് വനിതയുടെ അനുഭവക്കുറിപ്പ് ശ്രദ്ധേയമാകുന്നു. പല വിദേശരാജ്യങ്ങളും ഇതിനോടകം സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരനുഭവം ജീവിതത്തില്‍ ആദ്യമാണെന്ന് അവര്‍ പറയുന്നു. ആലപ്പുഴ ബീച്ചില്‍ തെരുവുനായുടെ കടിയേറ്റ് ചികിത്സയില്‍ക്കഴിയുന്ന ഫ്രാന്‍സിലെ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായി ജോലിചെയ്യുന്ന കെസ്നോട്ടിന്റെ (55) ആദ്യദിനം ഓര്‍ത്തെടുക്കുന്നു.

ഹോംസ്റ്റേയില്‍നിന്നു ബീച്ചിലെ ഹോട്ടലില്‍ ചായകുടിക്കാനാണ് പുറത്തേക്കിറങ്ങിയത്. ചെറിയപാവാടയും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. കാല്‍നടയാത്രയില്‍ ഒപ്പംകൂടിയ തെരുവുനായ ആദ്യംകയറിപ്പിടിച്ചത് പാവാടയിലാണ്. തട്ടിമാറ്റിയപ്പോള്‍ കാലില്‍ക്കടിച്ചു. ഓടിമാറാന്‍ ശ്രമിക്കുന്നതിനിടെ അടുത്തകാലിനും കടിയേറ്റു. കടിച്ചുതൂങ്ങിയ നായ പിടിവിടാതെവന്നതോടെ സമീപത്തുകിടന്ന പ്ലാസ്റ്റിക് കന്നാസ് ഉപയോഗിച്ച് അടിച്ചുതുരത്തിയാണു രക്ഷപ്പെട്ടത്.

കരച്ചില്‍കേട്ട് ബീച്ചിലെ ലൈഫ് ഗാര്‍ഡ് സി.എ. അനില്‍കുമാര്‍ ഓടിയെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ജനറല്‍ ആശുപത്രിയിലെത്തി പ്രതിരോധകുത്തിവെപ്പെടുത്തശേഷം ലൈഫ്ഗാര്‍ഡിന്റെ സംരക്ഷണയിലാണ് ഇപ്പോഴത്തെ താമസം. നായയെ കണ്ടാല്‍ ഭയങ്കരപേടിയാണ്. കേരളത്തില്‍ പോയ സ്ഥലങ്ങളിലെല്ലാം നായശല്യമുണ്ടായിരുന്നു. ഒറ്റയ്ക്കുള്ള യാത്രയില്‍ ഇക്കാര്യം പ്രത്യേകം സൂക്ഷിച്ചിരുന്നു.

ആലപ്പുഴയിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. ഇന്ത്യയിലും കേരളത്തിലും ആദ്യമായിട്ടാണെത്തുന്നത്. ഈമാസം 14-നും 20-നും അടുത്ത ഡോസെടുക്കണം. ഫെബ്രുവരി 20 നാണ് കേരളത്തിന്റെ വിവിധഭാഗങ്ങള്‍ സന്ദര്‍ശിക്കാനെത്തിയത്. കോയമ്പത്തൂര്‍, കൊച്ചിയടക്കം വിവിധസ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് ആലപ്പുഴയിലെത്തിയത്.

ഇനി അടുത്തയാത്ര കണ്ണൂരിലേക്കാണ്. ഈമാസം 21-ന് നെടുമ്പാശ്ശേരി വിമാനത്താവളംവഴിയാണ് നാട്ടിലേക്കുള്ള മടക്കം. മൂന്നാമത്തെ പ്രതിരോധകുത്തിവെപ്പെടുക്കേണ്ടത് മേയ് അഞ്ചിനാണ്. അത് നാട്ടിലെത്തിയശേഷം എടുക്കുമെന്നും അവര്‍ പറഞ്ഞു.

അവധിക്കാലമായതോടെ ആലപ്പുഴ ബീച്ചില്‍ നല്ല തിരക്കാണ്. നാട്ടുകാരും സഞ്ചരികളുമായി ആയിരത്തിലധികം ആളുകള്‍ ദിവസവും ബീച്ചിലെത്തുന്നുണ്ട്. എന്നാല്‍, പിഞ്ചുകുഞ്ഞുങ്ങളടക്കം നിരവധി പേരെത്തുന്ന ബീച്ച് തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്. പ്രഭാതനടത്തത്തിനും വ്യായാമത്തിനും ബീച്ചിലെത്തുന്നവര്‍ക്കും തെരുവുനായ്ക്കള്‍ ഭീഷണിയാകുന്നുണ്ട്.

ബീച്ചിലെ കാറ്റാടിമരങ്ങള്‍ക്കിടയില്‍ നൈറ്റ് സ്ട്രീറ്റ്, സാഹസിക വിനോദറൈഡുകള്‍ വിജയ് പാര്‍ക്ക്, സീവ്യൂ പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ അവധിയാഘോഷിക്കാനായി ജില്ലയില്‍നിന്നും സമീപ ജില്ലകളില്‍നിന്നും അന്യസംസ്ഥാനത്തുനിന്നുമെല്ലാം നിരവധി ആളുകളാണ് ദിവസവും എത്തിച്ചേരുന്നത്. നായകള്‍ ആക്രമിക്കുമോയെന്നുഭയന്ന് ബീച്ചിലെ തട്ടുകടകളില്‍നിന്നും ആഹാരംകഴിക്കാന്‍പോലും ആളുകള്‍ക്കു ഭയമാണ്.

വലിയ കടപ്പുറമാണ് തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രം. ഇവ സംഘമായി സഞ്ചാരികളെ പിന്തുടര്‍ന്ന് ആക്രമണസ്വഭാവം കാട്ടും. ഭയന്ന് ഓടുന്നവരില്‍ പലരും കടലില്‍ച്ചാടിയാണ് രക്ഷപ്പെടുന്നതെന്ന് ബീച്ചില്‍ കച്ചവടം നടത്തുന്നവര്‍ പറയുന്നു.

ഏതുസമയവും തെരുവുനായ്ക്കള്‍ ഒറ്റയ്ക്കും കൂട്ടായും ആക്രമിച്ചേക്കാം എന്ന അവസ്ഥയാണുള്ളത്. പിന്നിലൂടെ പാഞ്ഞെത്തുന്ന നായ്ക്കളുടെ ഉപദ്രവത്തില്‍നിന്നു ഭാഗ്യംകൊണ്ടുമാത്രമാണ് ബീച്ചിലെത്തുന്നവര്‍ രക്ഷപ്പെടുന്നത്. കുട്ടികള്‍ പന്തുമായെത്തി കളിക്കുമ്പോള്‍ പുറകെ ഓടിച്ചെന്ന് ആക്രമിക്കുന്നതും പതിവായിട്ടുണ്ട്. ദിവസവും ബീച്ചില്‍നിന്ന് ആളുകള്‍ക്ക് നായയുടെ കടിയേല്‍ക്കുന്നുണ്ട്. ആരും പരാതിപ്പെടുന്നില്ലെന്നുമാത്രം. തെരുവുനായയുടെ കടിയേല്‍ക്കുന്നവരെ പെട്ടെന്നുതന്നെ ജനറല്‍ ആശുപത്രിയിലേക്കു പറഞ്ഞു വിടുകയാണ്, വേറെയൊന്നും ചെയ്യാനാവുന്നില്ലെന്ന് ലൈഫ് ഗാര്‍ഡുകള്‍ പറയുന്നു

വന്ധ്യംകരണം ചെയ്യാത്തതുമൂലം നായകള്‍ പെരുകുന്നതായും ആക്ഷേപമുണ്ട്. ഉപദ്രവകാരികളായ നായകളെ ഷെല്‍ട്ടര്‍ പണിതു കൂട്ടിലിട്ടു സംരക്ഷിക്കാനുള്ള സംവിധാനം നഗരസഭ ഏര്‍പ്പെടുത്തണമെന്നും അടിയന്തരമായി ഈ വിഷയത്തില്‍ നഗരസഭ ഇടപെടണമെന്നും നാട്ടുകാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News