ഏലത്തോട്ടത്തിലെ ജോലിക്കിടെ മരത്തിന്റെ ശിഖരം ഒടിഞ്ഞു ദേഹത്ത് വീണു; വയറിലൂടെ തുളച്ച് കയറി തോട്ടം സൂപ്രണ്ട് മരിച്ചു

അടിമാലി: ഏലത്തോട്ടത്തില്‍ ജോലികള്‍ ചെയ്യിക്കുന്നതിനിടെ മരത്തിന്റെ ശിഖരം ഒടിഞ്ഞു ദേഹത്ത് വീണ് തോട്ടം സൂപ്രണ്ട് മരിച്ചു. കട്ടപ്പന ആനവിലാസം പുല്ലുമേട് പുതുവല്‍ സതീഷ് രാഘവന്‍ ( 48) ആണ് മരിച്ചത്. ഇടുക്കി അടിമാലിയിലാണ് സംഭവം. മരക്കൊമ്പ് വയറിലൂടെ തുളച്ച് കയറുക ആയിരുന്നു. അടിമാലി പീച്ചാടിന് സമീപമുള്ള ഏലത്തോട്ടത്തില്‍ കഴിഞ്ഞ ദിവസം ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.

തോട്ടത്തില്‍ കനാലിന്റെ കല്ലുക്കെട്ട് നടക്കുകയായിരുന്നു. തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കി മേല്‍നോട്ടം വഹിക്കെ പെട്ടെന്ന് സമീപത്ത് ഒരു വന്‍ മരത്തിന്റെ ശിഖരം ഒടിഞ്ഞ് താഴേയ്ക്ക് പതിക്കുകയായിരുന്നു. എല്ലാവരും ഓടി മാറാന്‍ ശ്രമിച്ചെങ്കിലും സതീഷ് മരക്കൊമ്പിനിടയില്‍പ്പെടുകയുമായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ പറഞ്ഞു. അപകടം നടന്നതിന് പിന്നാലെ തന്നെ സതീഷിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരത്തിന്റെ ശിഖരം വയറില്‍ തുളച്ച് കയറി സതീഷിന് ഗുരുതരമായ പരുക്കേറ്റിരുന്നു. മൃതദേഹം തുടര്‍നടപടികള്‍ക്കായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് അടിമാലി പ്രിന്‍സിപ്പല്‍ എസ്.ഐ ജിബിന്‍ തോമസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News