27.1 C
Kottayam
Saturday, May 4, 2024

നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടര്‍ന്ന് പിടികൂടരുത്; വാഹന പരിശോധന നടത്തുന്ന പോലീസുകാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി ഡി.ജി.പി

Must read

തിരുവനന്തപുരം: വാഹന പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി സംസ്ഥാന പോലീസ് മേധാവി. നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടര്‍ന്ന് പിടകൂടരുതെന്നും കയറ്റിറക്കങ്ങളിലും കൊടുംവളവുകളിലും വാഹനപരിശോധന നടത്തരുതെന്നും ഉള്‍പ്പെടെ നിരവധി നിര്‍ദ്ദേശങ്ങളാണ് വാഹന പരിശോധനയുമായി ബന്ധപ്പെട്ട് പോലീസുകാര്‍ക്ക് ഡി.ജി.പി നല്‍കിയിരിക്കുന്നത്.

അതേപോലെ ഗതാഗതത്തിരക്കുള്ള സ്ഥലങ്ങളില്‍ അടിയന്തരസന്ദര്‍ഭങ്ങളിലല്ലാതെ പരിശോധന നടത്തരുത്. തിരക്കേറിയ ജങ്ഷനുകളിലും പാലത്തിലും വാഹനപരിശോധന ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. വാഹനപരിശോധന നടക്കുമ്പോള്‍ റോഡുകളിലെ അപകടങ്ങള്‍ ഒഴിവാക്കാനാണ് കര്‍ശന നിര്‍ദ്ദേശവുമായി പോലീസ് മേധാവി തന്നെ രംഗത്തെത്തിയിരിക്കുന്നത്. നിര്‍ദ്ദേശം ലംഘിക്കുന്ന പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മറ്റ് പ്രധാന നിര്‍ദേശങ്ങള്‍

വാഹനങ്ങളില്‍ നിന്നും ഡ്രൈവര്‍മാരെ പുറത്തിറക്കാതെ അവരുടെ അടുത്തുചെന്ന് പരിശോധന നടത്തണം

വാഹനപരിശോധന വീഡിയോയില്‍ പകര്‍ത്തണം

ദൂരെ നിന്നും കാഴ്ച ലഭിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ പരിശോധന നടത്താവൂ.

അമിതവേഗത്തില്‍ അശ്രദ്ധമായി ഓടിക്കുന്ന വാഹനങ്ങള്‍ പിന്തുടരരുത്

രാത്രി സമയങ്ങളില്‍ വെളിച്ചമുള്ള സ്ഥലങ്ങളില്‍നിന്നുമാത്രം പരിശോധന നടത്തുക

വാഹനപരിശോധനയ്ക്കിടയില്‍ യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടാല്‍ പോലീസ് ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിക്കണം

ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതായുള്ള പരാതികള്‍ ലഭിച്ചാലുടന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കര്‍ശന നടപടിയെടുക്കണം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week