തെരഞ്ഞെടുപ്പിന് പിന്നാലെ ‘വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ മുഖം തിരിച്ചെത്തും’; നീക്കങ്ങളുമായി കേന്ദ്രം

ന്യൂഡൽഹി: ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ, ഈ സംസ്ഥാനങ്ങളിലെ കൊവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പ്രസിദ്ധീകരിക്കുന്നത് പുനരാരംഭിക്കാൻ കേന്ദ്രം പദ്ധതിയിടുന്നു.

അഞ്ച് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയും മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുകയും ചെയ്തതിന് ശേഷം ജനുവരി എട്ട് മുതലാണ് ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി മോദിയുടെ ചിത്രം നീക്കം ചെയ്തത്.

പെരുമാറ്റചട്ടം അവസാനിച്ചതോടെ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം പ്രിന്റ് ചെയ്യുന്നത് പുനരാരംഭിക്കാനുള്ള നടപടികളിലേക്ക് കടക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ആവശ്യപ്പെടുകയായിരുന്നു. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനായി കോവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News