KeralaNews

അഭിമാനം ആകാശത്തോളം: ഗഗൻയാൻ ദൗത്യത്തിൽ മലയാളിയായ പ്രശാന്ത് നായർ;നാലംഗ സംഘത്തെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാന് വേണ്ടിയിലുള്ള ബഹിരാകാശ സഞ്ചാരികളുടെ പേര് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. മലയാളിയായ ബഹിരാകാശ യാത്രികനുള്‍പ്പെടെ നാലുപേരാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാളിയായ ഗ്രൂപ്പ് കാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, ഗ്രൂപ്പ് കാപ്റ്റന്‍ അജിത് കൃഷ്ണന്‍, ഗ്രൂപ്പ് കാപ്റ്റന്‍ അംഗദ് പ്രതാപ്, വിങ് കമാന്റര്‍ ശുബാന്‍ഷു ശുക്ല എന്നിവരാണ് ആ നാലുപേര്‍. ഇതില്‍ മൂന്നുപേരാണ് ഗഗന്‍യാന്‍ പേടകത്തിലേറി ബഹിരാകാശത്തേക്ക് പോകുക. ഇവരുടെ പരിശീലനം പൂര്‍ത്തിയായി.

2025-ല്‍ ഗഗന്‍യാന്‍ ദൗത്യം സാധ്യമാക്കാനാണ് ഐഎസ്ആര്‍ഒ ശ്രമിക്കുന്നത്. ഇത് വിജയമായാല്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ബഹിരാകാശത്ത് മനുഷ്യനെ എത്തിച്ച് സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള സാങ്കേതിക വിദ്യ സ്വന്തമായുള്ള രാജ്യമായി ഇന്ത്യ മാറും. ബഹിരാകാശ രംഗത്ത് വലിയ ചുവട് വെപ്പാണ് ഇതിലൂടെ സാധ്യമാകുന്നത്. മാത്രമല്ല ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ബഹിരാകാശ സൂപ്പര്‍ പവറായി രാജ്യം മാറും.

സോവിയറ്റ് യൂണിയന്റെ റോക്കറ്റിലേറി ആദ്യമായി 1984 ഏപ്രില്‍ 2 ന് രാകേഷ് ശര്‍മയെന്ന ഇന്ത്യക്കാരന്‍ ആദ്യമായി ബഹിരാകാശത്തെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റമാണ് ഗഗന്‍യാന്‍ ദൗത്യം. ഗഗന്‍യാന്‍ ദൗത്യത്തിനിടയില്‍ മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്നതിന് പുറമെ നാല് ജീവശാസ്ത്ര പരീക്ഷണങ്ങളും, രണ്ട് ഫിസിക്കല്‍ പരീക്ഷണങ്ങളും ഈ പേടകത്തില്‍ വെച്ച് ഐഎസ്ആര്‍ഒ നടത്തും.

ബഹിരാകാശ യാത്രികരെ കയറ്റാതെ, യഥാര്‍ഥ ഗഗന്‍യാന്‍ ദൗത്യത്തിന്റെ സാഹചര്യങ്ങള്‍ പരീക്ഷിക്കാനുള്ള ആളില്ലാ ഗഗന്‍യാന്‍ പരീക്ഷണം ഈ വര്‍ഷം തന്നെ നടന്നേക്കും. യഥാര്‍ഥ ദൗത്യത്തിനു മുന്നോടിയായുള്ള അവസാന പ്രധാന പരീക്ഷണം അതാണ്. ഇതിനൊപ്പം ബഹിരാകാശ യാത്രികരെ സഹായിക്കാനുള്ള വ്യോമമിത്ര റോബോട്ടും ഈ ദൗത്യത്തിലുണ്ടാകും. ബഹിരാകാശത്തെ ഗുരുത്വമില്ലാത്ത സാഹചര്യം എങ്ങനെ മനുഷ്യരെ സ്വാധീനിക്കുമെന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഈ ദൗത്യത്തില്‍ നിന്ന് ഐഎസ്ആര്‍ഒയ്ക്ക് നേരിട്ട് ലഭിക്കും.

3 ദിവസത്തേക്ക് 400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ച്, ഭൂമിയില്‍ തിരിച്ചെത്തിക്കുന്നതാണ് ഗഗന്‍യാന്‍ ദൗത്യം. ബഹിരാകാശ യാത്രികര്‍ക്കുള്ള സ്പേസ് സ്യൂട്ടുകള്‍, ഗഗന്‍യാന്‍ പേടകം, ഭൂമിയിലേക്ക് തിരികെ എത്തുമ്പോള്‍ ഉണ്ടാകുന്ന ഉയര്‍ന്ന താപനില അതിജീവിക്കാനുള്ള സാങ്കേതിക വിദ്യ, പേടകത്തെ സുരക്ഷിതമായി ഇറക്കാനുള്ള പാരച്യൂട്ട്, ഗഗന്‍യാന്‍ പേടകത്തിനുള്ളിലെ ലൈഫ് സപ്പോള്‍ട്ട് സംവിധാനം, വിക്ഷേപണത്തിനിടെ അപകടമുണ്ടായാല്‍ യാത്രികരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശേഷി എന്നിവ ഐഎസ്ആര്‍ഒ സ്വയം വികസിപ്പിച്ചെടുത്തതാണ്.

ഐഎസ്ആര്‍ഒയുടെ ശക്തിയേറിയ റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക്ക് -3 റോക്കറ്റിനെ മനുഷ്യരെ വഹിക്കാന്‍ ശേഷിയുള്ളതാക്കി മാറ്റി പരിഷ്‌കരിച്ചിരുന്നു. ഇതിനെ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് -3 ( എല്‍വിഎം-3) എന്നാണ് ഇപ്പോള്‍ വിളിക്കുന്നത്. ഇതിന്റെ പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഗഗന്‍യാന്‍ ദൗത്യത്തിന്റെ പുരോഗതി പ്രധാനമന്ത്രി കഴിഞ്ഞ വര്‍ഷം വിലയിരുത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button