ന്യൂഡൽഹി: പഞ്ചാബിലെ ഫിറോസ്പുരിൽ സുരക്ഷാ വീഴ്ചയെ തുടർന്ന് സമ്മേളന പരിപാടി റദ്ദാക്കേണ്ടി വന്നതിൽ സംസ്ഥാന സർക്കാരിനെതിരേ രോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിഷേധക്കാർ വഴി തടസ്സപ്പെടുത്തിയതിനെ തുടർന്ന് ഫ്ളൈ ഓവറിൽ കുടുങ്ങിയ മോദി, പിന്നീട് വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴാണ് വിമാനത്താവള ഉദ്യോഗസ്ഥരോട് തന്റെ പ്രതിഷേധം അറിയിച്ചത്.
‘ജീവനോടെ എനിക്ക് ബടിൻഡ വിമാനത്താവളത്തിൽ എത്താൻ കഴിഞ്ഞതിന് നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചേക്കൂ’, എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ആവശ്യമായ സുരക്ഷയൊരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായി കേന്ദ്ര സർക്കാർ നേരത്തെ ആരോപിച്ചിരുന്നു. ഇതിലുള്ള രോഷപ്രകടനമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകളിൽ ഉണ്ടായിരുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ 42,750 കോടിയുടെ വികസന പദ്ധതിക്ക് തറക്കല്ലിടുന്നത് അടക്കമുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി എത്തിയത്. ബുധനാഴ്ച ഉച്ച കഴിഞ്ഞ് ഹുസൈനിവാലയിലെ ദേശീയ സ്മാരകത്തിൽ പുഷ്പചക്രങ്ങൾ അർപ്പിക്കാൻ പോകുന്നതിനിടെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്. പ്രതിഷേധക്കാർ റോഡ് തടസ്സപ്പെടുത്തിയിതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം ഫ്ളൈ ഓവറിൽ കുടുങ്ങുകയായിരുന്നു.
ഹെലികോപ്റ്റററിൽ ഹുസൈനിവാലയിലേക്ക് പോകാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് യാത്ര റോഡ് മാർഗമാക്കുകയായിരുന്നു. ഹുസൈനിവാലയ്ക്ക് 30 കിലോമീറ്റർ അകലെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോൾ പ്രതിഷേധക്കാർ റോഡ് തടഞ്ഞു. ഇവിടെയാണ് അദ്ദേഹത്തിനും സംഘത്തിനും കുടുങ്ങിക്കിടക്കേണ്ടിവന്നത്.
യാത്ര റോഡ് മാർഗമാക്കുന്നതിന് മുൻപ് പഞ്ചാബ് പോലീസുമായി സംസാരിച്ച് പ്രശ്നങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു യാത്ര ആരംഭിച്ചതെന്ന് കേന്ദ്ര സർക്കാർ പറയുന്നു. അതിനിടെയാണ് പ്രതിഷേധക്കാർ മണിക്കൂറുകളോളം റോഡ് തടഞ്ഞത്. ഇതേത്തുടർന്ന് എൻ.എസ്.ജി സംഘം പ്രധാനമന്ത്രിയുമായി ബത്തിൻഡ വിമാനത്താവളത്തിലേക്ക് മടങ്ങി. പഞ്ചാബിലെ കോൺഗ്രസ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.