നമ്പറില്ലാത്ത സ്‌കൂട്ടറില്‍ അഭ്യാസം, പെണ്‍കുട്ടികളെ ശല്യം ചെയ്യല്‍; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പിടിയില്‍, അമ്മയ്‌ക്കെതിരെ ജാമ്യമില്ലാ കേസ്

കൊല്ലം: നമ്പറില്ലാത്ത സ്‌കൂട്ടറില്‍ നഗരത്തില്‍ അഭ്യാസം നടത്തുകയും പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും ചെയ്ത മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പോലീസ് പിടിയില്‍. കാര്യറ സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് പുനലൂര്‍ പോലീസിന്റെ പിടിയിലായത്. രൂപവും നിറവും മാറ്റിയ സ്‌കൂട്ടറും പിടിച്ചെടുത്തു. വാഹന ഉടമയായ, കുട്ടികളില്‍ ഒരാളുടെ അമ്മയ്‌ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.

മാസങ്ങളായി നമ്പറില്ലാത്ത വാഹനത്തില്‍ ഇവര്‍ പുനലൂര്‍ നഗരത്തിലും കാര്യറ പ്രദേശത്തും കറങ്ങുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ല. അതിനിടെ പോലീസിനു മുന്നില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ത്ഥികളെക്കുറിച്ച് സൂചന ലഭിച്ചത്.

അന്വേഷണത്തില്‍ വാഹനം വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ അമ്മയുടെ പേരിലുള്ളതാണെന്നു കണ്ടെത്തി. ചുവപ്പു നിറമായിരുന്ന സ്‌കൂട്ടര്‍ കറുപ്പു നിറമാക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. ഇടയ്ക്ക് മറ്റൊരു വാഹനത്തിന്റെ നമ്പര്‍ വെച്ചും ഇവര്‍ വാഹനം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കോടതിക്കു കൈമാറിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി പൊലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News