തിരുവനന്തപുരം:പ്ലസ് വൺ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷാ തിയ്യതി തീരുമാനിച്ചിട്ടില്ല. പരീക്ഷാ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പുകളുമായി ആലോചിച്ച് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സ്കൂളുകൾ തുറക്കുക.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ മുഖ്യമന്ത്രിയ്ക്ക് നൽകും. കോവിഡ് സാഹചര്യങ്ങൾക്കനുസരിച്ചും മാനദണ്ഡങ്ങൾ പാലിച്ചുമാകും സ്കൂൾ തുറക്കൽ എന്നും മന്ത്രി വ്യക്തമാക്കി.
ഇന്നലെയാണ് സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ സുപ്രീംകോടതി അനുമതി നൽകിയത്. സംസ്ഥാന സർക്കാരിന്റെ വിശദീകരണം തൃപ്തികരമാണ്. മുമ്പ് നടത്തിയ പരീക്ഷകളിലും കോടതി സംതൃപ്തി പ്രകടിപ്പിച്ചു.
ചെറിയ കുട്ടികളാണ് പരീക്ഷ എഴുതുന്നത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്തണം. സർക്കാർ എല്ലാ മുൻകരുതലും സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. ഇങ്ങനെ ഉത്തരവിൽ വ്യക്തമാക്കിയാണ് പ്ളസ് വൺ പരീക്ഷ നേരിട്ട് നടത്താനുള്ള അനുവാദം സുപ്രീം കോടതി നല്കിയത്. നേരത്തെ പരീക്ഷ സ്റ്റേ ചെയ്തപ്പോൾ ഒരു മൂന്നാം തരംഗം സപ്തംബറിൽ ഉണ്ടാകും എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിൻറെ സാധ്യത ഇപ്പോൾ കാണുന്നില്ല.
സാങ്കേതിക സർവ്വകലാശാല പരീക്ഷ ഒരു ലക്ഷം വിദ്യാർത്ഥികൾ എഴുതി എന്ന് കേരളം സത്യവാങ്മൂലത്തിൽ അറിയിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷയും അടുത്തിടെ നടന്നു. അതിനാൽ പരീക്ഷ തടയേണ്ട സാഹചര്യം ഇപ്പോളില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാർ നല്കിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം.
നീറ്റ് പോലുള്ള പ്രവേശന പരീക്ഷയുമായി പ്ളസ് വൺ പരീക്ഷയെ താരതമ്യം ചെയ്യരുതെന്നും ഹർജിക്കാർ നിർദ്ദേശിച്ചു. എന്നാൽ ഈ വാദം തളളിയ ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സിടി രവികുമാർ എന്നിവർ ഉൾപ്പെട്ട ബഞ്ച് സർക്കാരിൻറെ വിശദീകരണം തൃപ്തികരം എന്ന് വിലയിരുത്തി.