തിരുവനന്തപുരം:കേരളത്തെ അക്ഷരാർത്ഥത്തിൽ ഞ്ഞെട്ടിച്ചിരിയ്ക്കുകയാണ് ദന്തൽ വിദ്യാർത്ഥിനിയായ മാനസയുടെ മരണം നിഷ്ഠൂരമായ കൊലപാതകത്തിന്റെ കാരണങ്ങളേക്കുറിച്ചുള്ള സമഗ്രമായ അന്വേഷണത്തിലാണ് പോലീസ്. മാനസയെ വിളിപ്പാടകലെ നിന്ന് നിരീക്ഷിച്ച് പഴുതുകളടച്ച് പിഴവുകളില്ലാതെ കൃത്യമായ ആസൂത്രണത്തിലൂടെ നടത്തിയ കൊലപാതകം പൊലീസിനെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്.
നാടൻ തോക്കാണ് കൊലപാതകത്തിനായി രഖിൽ ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.ഇതെവിടെ നിന്ന് കിട്ടിയെന്ന പരിശോധനയിലാണ് പൊലീസ്. കണ്ണൂർ സ്വദേശിയായതിനാൽ മംഗലാപുരം ഭാഗത്ത് നിന്നോ കണ്ണൂരിൽ നിന്ന് തന്നെയാണോ തോക്ക് സംഘടിപ്പിച്ചതെന്നാണ് അന്വേഷിക്കുന്നത്. കേരളത്തിൽ നിന്നാണ് തോക്ക് വാങ്ങിയതെങ്കിൽ 60000 രൂപ മുതൽ 70000 രൂപ വരെ ചെലവായിക്കാണുമെന്നാണ് കേരള പൊലീസിലെ ആയുധ വിദഗ്ദ്ധൻ പറയുന്നത്.
‘ഒറ്റത്തവണ പത്ത് റൗണ്ട് വരെ ഷൂട്ട് ചെയ്യാനാവും. ഒറ്റ സെക്കന്റ് വ്യത്യാസത്തിൽ ഫയർ ചെയ്യാനാവുമെന്നതാണ് ഈ പിസ്റ്റളിന്റെ മറ്റൊരു പ്രത്യേകത. ലൈസൻസോടെ ഇത്തരം പിസ്റ്റൾ വാങ്ങാൻ 80000 രൂപ വരെ കൊടുക്കണം. ജമ്മുവിൽ നിന്ന് പിരിഞ്ഞുവരുമ്പോൾ സൈനികർ ഇത്തരം തോക്കുകൾ ലൈസൻസോടെ വാങ്ങുന്നത് ഈ വിലയ്ക്കാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രധാനമായും യുപി, ബിഹാർ, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ്, ദില്ലി എന്നിവിടങ്ങളിലൊക്കെ 30000 മുതൽ 40000 രൂപ വരെയാണ് ഈ ടൈപ്പ് പിസ്റ്റളിന്റെ വില.’
‘കേരളത്തിൽ നിയമവിരുദ്ധ വിപണിയിൽ 60000 രൂപ മുതൽ 70000 വരെ ചെലവുണ്ടാകും. വെറും 500 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. ഉള്ളംകൈയ്യിൽ ഒതുങ്ങിയിരിക്കും. 20 സെന്റിമീറ്ററോളമാണ് ബാരലിന്റെ നീളം. കേരളത്തിൽ വിദഗ്ദ്ധരായ കൊല്ലപ്പണിക്കാർക്ക് ഇത്തരം തോക്കുകൾ പണിയാനറിയും.’ എങ്കിലും നിർമ്മിച്ച് വാങ്ങിയതാവാൻ സാധ്യതയില്ലെന്നും മറ്റാരുടെയെങ്കിലും കൈയ്യിലുണ്ടായിരുന്ന തോക്ക് വാങ്ങിയതാവുമെന്നും പോലീസ് കരുതുന്നു.
ഇന്റീരിയർ ഡിസൈനറായ രഖിലും മാനസയും ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. അടുത്ത സൗഹൃദത്തിന് ശേഷം ഇടക്കാലത്ത് ഇരുവരും തമ്മിൽ അകന്നു. ഈ വൈരാഗ്യമാണ് ആസൂത്രിതമായ കൊലപാതകത്തിലേക്ക് നയിച്ചത്. ജൂലൈ നാലിന് മാനസയെ തേടി രഖിൽ നെല്ലിമറ്റത്ത് എത്തി. മാനസ താമസിച്ച വീടിന് നേരെ എതിർവശത്തുള്ള കെട്ടിടത്തിൽ മുറി വാടകയ്ക്ക് എടുത്ത് താമസമാക്കി.
എന്നാൽ മാനസ രഖിലിനെ ഒരു തവണ പോലും കണ്ടിരുന്നില്ല. മാനസ കാണാതെ, പെൺകുട്ടിയെ നിഴൽ പോലെ പിന്തുടരുന്നതിൽ രഖിൽ വിജയിച്ചുവെന്നാണ് കരുതുന്നത്. രഖിലിനെതിരെ അടുത്തകാലത്ത് മാനസയുടെ ബന്ധുക്കൾ കണ്ണൂർ പൊലീസിന് പരാതി നൽകിയിരുന്നു. ഇതും വൈരാഗ്യം കൂട്ടി. കഴിഞ്ഞയാഴ്ച ഇയാൾ സ്വന്തം നാട്ടിൽപ്പോയിരുന്നു. തിങ്കളാഴ്ചയാണ് മടങ്ങിയെത്തിയത്. മാനസ ഇന്ന് ഭക്ഷണം കഴിക്കാൻ താമസസ്ഥലത്ത് എത്തിയപ്പോഴായിരുന്നു രഖിൽ പൊടുന്നനെ വീട്ടിലേക്ക് കയറി വന്ന് കൃത്യം നടത്തിയത്.
നെല്ലിമറ്റത്ത് താമസം തുടങ്ങിയ ശേഷം ഇയാൾ ഒരൊറ്റ തവണയാണ് കണ്ണൂരിൽ പോയത്. അതും കഴിഞ്ഞയാഴ്ച. തിങ്കളാഴ്ച മടങ്ങിയെത്തി. ഈ പോക്കിലാണ് പിസ്റ്റൾ സംഘടിപ്പിച്ചതെന്നാണ് കരുതുന്നത്. രഖിലിന് തോക്ക് എവിടെ നിന്ന് കിട്ടിയെന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്. ഇതിനായി രഖിലിന്റെ ഫോൺരേഖകളും മറ്റ് വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. ഇയാളുടെ പ്രകോപനത്തിന് കാരണമാകുന്ന എന്തെങ്കിലും സംഭവങ്ങൾ അടുത്ത ദിവസങ്ങളിൽ ഉണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്.
ഒരു മാസമായി തന്നെ നിരീക്ഷിച്ച് നെല്ലിമറ്റത്തുള്ള രഖിലിനെ ഇന്ന് ഉച്ചയ്ക്കാണ് മാനസ കണ്ടത്. നെല്ലിമറ്റത്തുളള ഇന്ദിരാഗാന്ധി ഡന്‍റൽ കോളജ് വിദ്യാർഥിനിയായ മാനസ തൊട്ടടുത്തുളള താമസസ്ഥലത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുക്കുമ്പോഴാണ് കൊലയാളി എത്തിയത്. രാഖിൽ എന്തിനാണ് തന്നെത്തേടി വന്നതെന്ന് മാനസ ചോദിച്ചതിന് പിന്നാലെ ഇയാൾ മുറിക്കുളളിലേക്ക് ഓടിക്കയറി. യുവതിയെ ബലമായി തൊട്ടടുത്ത മുറിയിലേക്ക് കൊണ്ടുപോയി. ഇത് കണ്ട ഭയന്ന മാനസയുടെ കൂട്ടുകാരികൾ നിലവിളിച്ചുകൊണ്ട് താഴത്തെ നിലയിലേക്കോടി. അവിടെയെത്തി വിവരം പറയുമ്പോഴാണ് മുകൾ നിലയിൽ നിന്ന് ആദ്യത്തെ വെടിയൊച്ച കേട്ടത്. വീണ്ടും രണ്ട് തവണകൂടി വെടിശബ്ദം കേട്ടു. സമീപവാസികളുമായി മുകളിലത്തെ നിലയിലെത്തി പരിശോധിച്ചപ്പോഴാണ് വെടിയേറ്റ നിലയിൽ ഇരുവരേയും കണ്ടത്. മാനസയ്ക്ക് നേരിയ അനക്കമുണ്ടായിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മാനസയെ വലിച്ച് മുറിയിൽ കയറിയ രഖിൽ അധികം താമസിയാതെ തന്നെ നിറയൊഴിച്ചിരുന്നു. കൊല നടത്തുകയെന്ന ഉദ്ദേശത്തിൽ തന്നെയാണ് രഖിൽ എത്തിയതെന്ന് ഇതിലൂടെ വ്യക്തമാകുന്നു. ക്ലോസ് റേഞ്ചിൽ നിന്ന് മാനസയുടെ ചെവിക്ക് പുറകിലായാണ് വെടിയുണ്ട തറച്ചത്. പിന്നാലെ രഖിലും സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു