25.3 C
Kottayam
Monday, May 27, 2024

പിറവം പള്ളിത്തര്‍ക്കം: യാക്കോബായ വിഭാഗം അറസ്റ്റ് വരിച്ചു; പള്ളി കളക്ടര്‍ ഏറ്റെടുത്തു

Must read

പിറവം: പിറവം വലിയപള്ളിയില്‍ പ്രതിഷേധിച്ച യാക്കോബായ വിഭാഗം അറസ്റ്റു വരിച്ചു. ജില്ലാ കളക്ടര്‍ എസ്. സുഹാസ് യാക്കോബായ വിഭാഗവുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇവര്‍ അറസ്റ്റു വരിക്കാന്‍ തീരുമാനിച്ചത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലും അറസ്റ്റ് വരിക്കാന്‍ വിശ്വാസികള്‍ തയാറാകണമെന്ന് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.

ഇതിനു പിന്നാലെ മെത്രാപ്പോലീത്ത ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റു വരിച്ചു. തുടര്‍ന്ന് പ്രതിഷേധിച്ച വൈദികരെയും വിശ്വാസികളെയും പോലീസ് അറസ്റ്റു ചെയ്തു നീക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ന് മുന്‍പ് പള്ളിക്കുള്ളിലും പരിസരത്തും നില്‍ക്കുന്ന യാക്കോബായ വിഭാഗം ആളുകളെ അറസ്റ്റ് ചെയ്തു നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് പിറവം വലിയ പള്ളിക്ക് മുന്നില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബുധനാഴ്ച രാവിലെ ഏഴരയോടെ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയെങ്കിലും അകത്തേക്കു കടക്കാനായില്ല. പള്ളിയുടെ ഗേറ്റുകളെല്ലാം പൂട്ടിയനിലയിലായിരുന്നു. യാക്കോബായ വിഭാഗം വിശ്വാസികള്‍ പള്ളിക്കുള്ളിലും മുറ്റത്തുമായി നിലയുറപ്പിച്ചിരുന്നു. ഇതോടെ പള്ളിയുടെ പ്രധാന ഗേറ്റിനു മുന്നില്‍ ഓര്‍ത്തഡോക്‌സ് വിഭാഗവും പള്ളിമുറ്റത്തു യാക്കോബായ വിഭാഗവും ബുധനാഴ്ച മുതല്‍ പിരിഞ്ഞുപോകാതെ പ്രതിഷേധിക്കുകയായിരുന്നു.

 

തുടര്‍ന്ന് പിറവം വലിയ പള്ളി ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഏറ്റെടുത്തു. പള്ളിയില്‍ പ്രതിഷേധിച്ച യാക്കോബായ വിഭാഗത്തെ അറസ്റ്റു ചെയ്തു നീക്കിയശേഷമാണ് കളക്ടര്‍ പള്ളി ഏറ്റെടുത്തത്. പള്ളിയുടെ താക്കോല്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week