മുംബൈ:ആക്സിലറേറ്ററിൽ കാൽ അമർത്തിയാൽ വെറും രണ്ട് സെക്കന്റിൽ 100 കിലോമീറ്റർ വേഗതയിലെത്തും, ഏത് ആഡംബര കാറുകളെയും പിന്നിലാക്കുന്ന കരുത്ത്. പറഞ്ഞുവരുന്നത് ഇറ്റാലിയൻ വാഹന ഡിസൈൻ കമ്പനിയായ പിനിൻഫരീന പുറത്തിറക്കിയ ഇലക്ട്രിക് ഹൈപ്പർ കാറിനെ കുറിച്ചാണ്. ഇലക്ട്രിക് കരുത്തിന്റെ പര്യായമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ബാറ്റിസ്റ്റ ഇലക്ട്രിക് ഹൈപ്പർ കാർ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
ഇറ്റാലിയൽ വാഹന ഡിസൈൻ കമ്പനിയായ പിനിൻഫരീന ഇലക്ട്രിക് ഹൈപ്പർ കാറായ ബാറ്റിസ്റ്റ 2019-ൽ പ്രഖ്യാപിക്കപ്പെട്ടതാണ്. കാലിഫോർണിയയിലെ മൊണ്ടേറി കാർ വീക്കിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ഈ വാഹനത്തിന്റെ ചിത്രങ്ങളും വിവരങ്ങളും കഴിഞ്ഞ ദിവസമാണ് നിർമാതാക്കൾ വെളിപ്പെടുത്തിയത്. ഇറ്റലിയിലെ വാഹന നിർമാതാക്കളിൽ നിന്ന് പുറത്തിറങ്ങുന്ന ഏറ്റവും കരുത്തനായ മോഡലെന്നാണ് ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്.
ബാറ്റിസ്റ്റ ഇലക്ട്രിക് ഹൈപ്പർ കാറിന്റെ 150 യൂണിറ്റ് മാത്രമായിരിക്കും നിർമിക്കുകയെന്നാണ് റിപ്പോർട്ട്. ഇതിൽ അഞ്ച് വാഹനങ്ങൾ ബാറ്റിസ്റ്റ ആനിവേഴ്സറിയോ എന്ന പേരിലായിരിക്കും പുറത്തിറക്കുക. യൂറോപ്പ്, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലായിരിക്കും ബാറ്റിസ്റ്റയുടെ കൂടുതൽ യൂണിറ്റുകൾ വിൽപ്പനയ്ക്ക് എത്തുന്നത്. ചുരുക്കം എണ്ണം മാത്രമായിരിക്കും ഏഷ്യ, മിഡിൽ-ഈസ്റ്റ് രാജ്യങ്ങളിലും വിൽപ്പനയ്ക്ക് എത്തുക്കുകയെന്നാണ് വിവരം
സൂപ്പർകാറുകളുടെ തനതായ ഡിസൈൻ ശൈലികൾ പിന്തുടർന്നാണ് ബാറ്റിസ്റ്റയും ഒരുങ്ങിയിട്ടുള്ളത്. ഫ്രണ്ടി സ്പ്ലിറ്റർ, സൈഡ് ബ്ലേഡുകൾ, റിയർ ഡിഫ്യൂസർ തുടങ്ങിയവയാണ് ഈ വാഹനത്തിന് സൂപ്പർ കാർ ഭാവം പകരുന്നത്. ആനിവേഴ്സറിയോ മോഡൽ ഡിസൈനിൽ വേറിട്ട് നിൽക്കുമെന്നാണ് സൂചന. പ്രീമിയം ലെതറിൽ ഐകോണിക്ക ബ്ലു കോൺട്രാസ്റ്റ് സ്റ്റിച്ചിങ്ങുകൾ നൽകിയുള്ള സീറ്റായിരിക്കും അകത്തളത്തിലെ പ്രധാന ആകർഷണം. കറുപ്പായിരിക്കും ഇന്റീരിയറിന്റെ ഭാവം.
120 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കാണ് ബാറ്റിസ്റ്റയിൽ നൽകിയിട്ടുള്ളത്. അത്യാധുനിക സാങ്കേതികവിദ്യയിലുള്ള നാല് മോട്ടോറുകളാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. ഇത് 1900 ബിഎച്ച്പി കരുത്തും 2300 എൻഎം ടോർക്കുമേകും. രണ്ട് സെക്കന്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ വാഹനത്തിനാകും. 12 സെക്കന്റിൽ 300 കിലോമീറ്റർ വേഗത നേടും. 350 കിലോമീറ്ററാണ് പരമാവധി വേഗത.
ഒരു ഇലക്ട്രിക് ഹൈപ്പർ കാറിൽ നൽകാവുന്ന ഏറ്റവും ഉയർന്ന റേഞ്ചാണ് ബാറ്റിസ്റ്റ നൽകുകയെന്നാണ് വിവരം. ഒറ്റത്തവണ ബാറ്ററി ചാർജ് ചെയ്താൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്. ഈ വർഷം അവസാനത്തോടെ ഉപയോക്താക്കളിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന് 16.32 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന വില. ബുഗാട്ടി ഷിറോൺ, ലംബോർഗിനി വാഹനങ്ങളായിരിക്കും ബാറ്റിസ്റ്റയുടെ പ്രധാന എതിരാളികൾ.