BusinessNationalNews

181 കി.മീ. റേഞ്ച്, ന്യൂജെന്‍ ഫീച്ചറുകള്‍, വില ഒരു ലക്ഷം രൂപ; ഇലക്ട്രിക് വിപ്ലവത്തിന് ഒല ഇ-സ്‌കൂട്ടർ

മുംബൈ:സ്വാതന്ത്ര്യ ലബ്ധിയുടെ 75-ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യക്കാർക്ക് സമ്മാനമായി ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ അവതരിപ്പിച്ചു. ഒല എസ്-1, എസ്-1 പ്രോ എന്നീ രണ്ട് വേരിയന്റുകളിൽ എത്തിയിട്ടുള്ള ഈ ഇലക്ട്രിക് സ്കൂട്ടറിന് യഥാക്രമം 99,999 രൂപയും 1.29 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. കാഴ്ചയിൽ ഒരുപോലെ ഇരിക്കുന്ന ഈ സ്കൂട്ടറുകൾക്ക് ഫീച്ചറുകൾ, റേഞ്ച്, റൈഡിങ്ങ് മോഡുകൾ എന്നിവയിൽ വ്യത്യാസമുണ്ട്.

എസ്-1 പ്രോയാണ് ഒല സ്കൂട്ടർ നിരയിലെ ഉയർന്ന വകഭേദം. അടിസ്ഥാന വേരിയന്റിൽ നിന്ന് വ്യത്യസ്തമായി വോയിസ് കൺട്രോൾ, ഹിൽ ഹോർഡ്, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളാണ് എസ്-1 പ്രോയിൽ നൽകിയിട്ടുള്ളത്. 90 കിലോമീറ്റർ പരമാവധി വേഗത എടുക്കാൻ കഴിയുന്ന എസ്-1 വേരിന്റിന് 121 കിലോമീറ്റർ റേഞ്ചും 115 കിലോമീറ്റർ പരമാവധി വേഗതയുള്ള എസ്-1 പ്രോയിക്ക് 181 കിലോമീറ്റർ റേഞ്ചുമാണുള്ളത്.

8.5 കിലോവാട്ട് പവറും 58 എൻ.എം. ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റിന്റേയും ഹൃദയം. എന്നാൽ, എസ്1-ൽ 2.98 kWh ബാറ്ററി പാക്കും എസ്-1 പ്രോയിൽ 3.97 kWh ബാറ്ററി പാക്കുമാണ് നൽകിയിട്ടുള്ളത്. എസ്-1 പ്രോ കേവലം മൂന്ന് സെക്കന്റിൽ 40 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ എസ്-1, 3.6 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

ഫാസ്റ്റ് ചാർജറിന്റെ സഹായത്തോടെ 18 മിനിറ്റിനുള്ളിൽ 75 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് നിറയുമെന്നതാണ് എസ്-1, എസ്-1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകളുടെ പ്രധാന പ്രത്യേകതകളിലൊന്ന്. സാധാരണ ഹോം ചാർജർ ഉപയോഗിച്ച് എസ്-1 വേരിയന്റ് 4.48 മണിക്കൂറിൽ 100 ശതമാനം ചാർജ് ചെയ്യാൻ സാധിക്കും. അതേസമയം, എസ്-1 പ്രോ പൂർണമായും ചാർജ് നിറയാൻ 6.30 മണിക്കൂറാണ് എടുക്കുന്നത്.

ഒല ഇലക്ട്രിക് സ്കൂട്ടറിലെ അടിസ്ഥാന വകഭേദമായ എസ്-1 അഞ്ച് നിറങ്ങളിൽ വിപണിയിൽ എത്തുമ്പോൾ ഉയർന്ന വകഭേദമായ എസ്-1 പ്രോ പത്ത് നിറങ്ങളിൽ എത്തുന്നുണ്ട്. ഒക്ടാ-കോർ പ്രോസസർ, 3ജി.ബി. റാം, 4ജി ഹൈസ്പീഡ് കണക്ടിവിറ്റി, ബ്ലുടൂത്ത് തുടങ്ങിയ സംവിധാനങ്ങളുള്ള സ്മാർട്ട് വെഹിക്കിൾ കൺട്രോൾ യൂണിറ്റ് ഈ സ്കൂട്ടറിൽ നൽകിയിട്ടുണ്ട്. റിവേഴ്സ് പാർക്ക് അസിസ്റ്റൻസ്, ക്രൂയിസ് കൺട്രോൾ എന്നിവയും ഇതിൽ നൽകിയിട്ടുണ്ട്.

സ്കൂട്ടർ ശ്രേണിയിലെ ഏറ്റവും ഉയർന്ന സ്റ്റോറേജ് സ്പേസാണ് ഇതിലുള്ളത്. 36 ലിറ്ററാണ് ഈ സ്കൂട്ടറിലെ ബൂട്ട് സ്പേസ്. ടൂബുലാർ സ്റ്റീൽ ഫ്രെയിമിൽ ഒരുങ്ങിയിട്ടുള്ള ഒല ഇലക്ട്രിക് സ്കൂട്ടറിന് 12 ഇഞ്ച് അലുമിനിയം അലോയി വീലുകളാണ് നൽകിയിട്ടുള്ളത്. കോംബി ബ്രേക്ക് സംവിധാനത്തിനൊപ്പം മുന്നിൽ 220 എം.എം. ഡിസ്കും പിന്നിൽ 180 എം.എം. ഡിസ്കും ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ സുരക്ഷ കാര്യക്ഷമമാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker