‘ബീഫ്’ എന്ന് കണ്ടാല്‍ പേടിക്കുന്നവര്‍ വിദ്വേഷ സിനിമയ്ക്ക് അനുമതി നല്‍കുന്നത് എങ്ങനെ?നട്ടാല്‍ കുരുക്കാത്ത നുണകളുമായി ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗം; ബോധപൂര്‍വ്വമായ വര്‍ഗീയ നീക്കമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെയും സാഹോദര്യത്തെയും അവഹേളിക്കാന്‍ ലക്ഷ്യമിട്ട് നിര്‍മ്മിച്ച ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നതിനെതിരെ ശക്തമായ താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നട്ടാല്‍ കുരുക്കാത്ത നുണകള്‍ പ്രചരിപ്പിച്ച് കേരളത്തെ ലോകത്തിന് മുന്നില്‍ മോശമായി ചിത്രീകരിക്കാനുള്ള സംഘപരിവാര്‍ കേന്ദ്രങ്ങളുടെ നീക്കത്തെ ഒറ്റക്കെട്ടായി തള്ളിക്കളയണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

ആദ്യ ഭാഗം പുറത്തിറങ്ങിയപ്പോള്‍ തന്നെ കേരളം അതിന്റെ ‘റിയല്‍ കേരള സ്റ്റോറി’ വിളിച്ചുപറഞ്ഞുകൊണ്ട് പ്രതിരോധിച്ചതാണെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. വര്‍ഗീയ ലക്ഷ്യത്തോടെ കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് എത്തുന്ന ഇത്തരം ‘വികൃത സൃഷ്ടികള്‍’ കേരളത്തിന്റെ സമാധാനം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെപ്പോലും മതപരിവര്‍ത്തനത്തിന്റെ നിറം നല്‍കി വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര മേളകളില്‍ ‘ബീഫ്’ എന്ന് പേരുള്ള സിനിമകള്‍ക്ക് പോലും പ്രദര്‍ശനാനുമതി നിഷേധിക്കുന്ന കാലത്ത്, സമൂഹത്തില്‍ ഭിന്നത പടര്‍ത്തുന്ന ഇത്തരം വിഷസൃഷ്ടികള്‍ക്ക് എങ്ങനെ അനുമതി ലഭിക്കുന്നു എന്നത് ആശ്ചര്യകരമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ ക്രമസമാധാന നിലയെയും സുസ്ഥിര വികസനത്തെയും ഭയപ്പെടുന്നവരാണ് വിദ്വേഷ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എല്ലാ മതവിശ്വാസികളും പരസ്പര ബഹുമാനത്തോടെ കഴിയുന്ന കേരളത്തെ ശത്രുതയോടെ കാണുന്ന ശക്തികളാണ് വിദ്വേഷ കഥകള്‍ക്ക് പിന്നില്‍. വികസന സൂചികകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നു. വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് കേരളത്തിന്റെ മതേതര അടിത്തറ തകര്‍ക്കാനാവില്ലെന്ന് തെളിയിക്കാന്‍ ഓരോ മലയാളിക്കും ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

നുണകള്‍ക്കെതിരെ സത്യം ജയിക്കണമെന്നും കേരളത്തിന്റെ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിര്‍മ്മിക്കപ്പെട്ട ”ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാര്‍ത്ത ഗൗരവത്തോടെ കാണേണ്ടതാണ്. നട്ടാല്‍ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വര്‍ഗീയ ലക്ഷ്യത്തോടെ നിര്‍മ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ ‘ദ റിയല്‍ കേരള സ്റ്റോറി’ വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടര്‍ച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാര്‍.

”കേരള സ്റ്റോറി” എന്ന അപഹാസ്യമായ വ്യാജ പ്രതീതി നിര്‍മ്മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാര്‍ കേന്ദ്രങ്ങളാണ്. പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെപ്പോലും വര്‍ഗീയതയുടെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെയും നിറം നല്‍കി തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നതും അവരാണ്. വര്‍ഗീയ കലാപങ്ങള്‍ ഇല്ലാത്തതും എല്ലാ മതവിശ്വാസികളും പരസ്പര ബഹുമാനത്തോടെ സഹവര്‍ത്തിക്കുന്നതുമായ കേരളത്തെ അവര്‍ ശത്രുതയോടെയാണ് കാണുന്നത്.

നമ്മുടെ നാടിന്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാന്‍ ശ്രമിക്കുന്ന ഈ ശക്തികളാണ് നമ്മുടെ നാടിന്റെ ശത്രുക്കള്‍. ‘ബീഫ്’ എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഭഒരു ചിത്രത്തിന് പ്രദര്‍ശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തില്‍ ഭിന്നതയും വിദ്വേഷവും പടര്‍ത്തുക എന്ന ലക്ഷ്യത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷസൃഷ്ടികള്‍ക്ക് എങ്ങനെയാണ് പ്രദര്‍ശന അനുമതി ലഭിക്കുന്നത് എന്നത് ആശ്ചര്യകരമാണ്.

സുസ്ഥിര വികസന സൂചികകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന, ക്രമസമാധാന പാലനത്തില്‍ മാതൃകയായ, മതസൗഹാര്‍ദ്ദത്തിന്റെ നാടായ കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണം. വ്യാജപ്രചാരണങ്ങള്‍ കൊണ്ട് കേരളത്തിന്റെ മതേതര അടിത്തറ തകരില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം നമ്മുടെ ഓരോരുത്തരുടേതുമാണ്.

വിദ്വേഷ പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളുന്നതിനൊപ്പം വസ്തുതകളെയും, മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെയും ശക്തമായി ഉയര്‍ത്തിപ്പിടിക്കണം. കേരളം നമ്മുടെ അഭിമാനമാണ്. നുണകള്‍ക്കെതിരെ സത്യം ജയിക്കണം. അതിനായി നാം ഒരുമിച്ച് നിലകൊള്ളണം.

Chief Minister Pinarayi Vijayan has issued a stern warning against the release of the sequel to ‘The Kerala Story,’ stating that the film is a deliberate attempt to insult the state’s secular tradition and brotherhood. He called on the public to unite against the Sangh Parivar’s efforts to portray Kerala in a negative light through “blatant lies.” The Chief Minister emphasized that such divisive narratives are aimed at disrupting the social harmony that Kerala is globally known for.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News