KeralaNews

കണ്ഠം ഇടറി, ദുഖം കടിച്ചമർത്തി;കോടിയേരിയുടെ അനുശോചന യോഗത്തിൽ പ്രസംഗം പാതിയിൽ നിർത്തി മുഖ്യമന്ത്രി

കണ്ണൂർ: കോടിയേരി ബാലകൃഷ്ണന്റെ ശവസംസ്കാര ചടങ്ങിന് ശേഷം നടന്ന അനുശോചന യോഗത്തിൽ പ്രസംഗം പൂർത്തിയാക്കാതെ പാതിയിൽ നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വാക്കുകൾ ഇടറി, വികാര വായ്പോടെയായിരുന്നു പിണറായി പ്രസംഗത്തിലുടനീളം സംസാരിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെ കാലം ഒപ്പമുണ്ടായിരുന്ന സഹോദരനെയാണ് മുഖ്യമന്ത്രിക്ക് നഷ്ടമായത്.

‘ഏത് നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാറാണ് പതിവ്. എന്നാൽ ഇത് പെട്ടെന്ന് പരിഹരിക്കാനാവുന്ന വിയോഗമല്ല. പക്ഷെ ഞങ്ങളത് കൂട്ടായ പ്രവർത്തനത്തിലൂടെ നികത്താനാണ് ശ്രമിക്കുക. ഞാൻ നേരത്തെ പറഞ്ഞതുപോലെ……. അവസാനിപ്പിക്കുന്നു,’- മുഖ്യമന്ത്രി പ്രസംഗം നിർത്തി. പിന്നീട് ഇരിപ്പിടത്തിലേക്ക് മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മകളിൽ വിതുമ്പിക്കരഞ്ഞു.

പെട്ടെന്നൊരു ദിവസം അദ്ദേഹം ഇല്ലാതാവുന്നുവെന്നത് വലിയ വേദനയാണ് നാടിന്റെ നാനാഭാഗത്തുള്ള ജനങ്ങൾക്കും ഉണ്ടാക്കിയത്. അവരെല്ലാം അദ്ദേഹത്തെ കാണാൻ ഓടിയെത്തി. ആ വികാരവായ്പ് ഞങ്ങളെയെല്ലാം വികാരത്തിലാക്കിയെന്ന് പിണറായി പറഞ്ഞു.

‘ഇങ്ങനെയൊരു യാത്രയയപ്പ് പ്രതീക്ഷിച്ചതല്ല. എങ്ങനെ പറയണമെന്ന് അറിയില്ല.  ചില കാര്യങ്ങൾ നമ്മുടെ കൈയ്യിൽ അല്ല. കോടിയേരിയുടെ ചികിത്സ തുടങ്ങിയപ്പോൾ നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ശരീരം അപകടകരമായ നിലയിലേക്ക് പോയിരുന്നു. എല്ലാ ശ്രമങ്ങളും നടത്തി. പരമാവധി ശ്രമിച്ചു. പലയിടത്തായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാരുണ്ട്. ചെന്നൈ അപ്പോളോ ആശുപത്രിക്കും ഡോക്ടർമാർക്കും പ്രത്യേകിച്ച് ഡോ പ്രമോദിനും നന്ദി. 

കോടിയേരിയുടെ വേർപാട് എല്ലാവരെയും വേദനിപ്പിച്ചു. ഈ കനത്ത നഷ്ടത്തിൽ എല്ലാ പാർട്ടികളും പക്ഷം ഇല്ലാതെ പങ്ക് ചേർന്നു. മനുഷ്യനന്മ അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണത്. ഇത് ഈ കാലഘട്ടത്തിൽ ആവശ്യം,’- എന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button