തിരുവനന്തപുരം: പ്രതിപക്ഷ സംഘടനകളുടെ കരിങ്കൊടി പ്രതിഷേധത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കരിങ്കൊടി കാട്ടിയ പ്രതിഷേധക്കാര്‍ക്കെതിരെ നടന്നത് ജീവന്‍രക്ഷാ പ്രവര്‍ത്തനം തന്നെയാണ് എന്ന് പിണറായി വിജയന്‍ ആവര്‍ത്തിച്ചു.
ബസിന് മുന്നിലേക്ക് എടുത്ത് ചാടിയവരെ രക്ഷിക്കുക തന്നെയാണ് ചെയ്തത് എന്നും പിണറായി വിജയന്‍ അവകാശപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ നവകേരള സദസിന് മുന്നോടിയായി ആറ്റിങ്ങലില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബസിന് മുന്നില്‍ ചാടിയാല്‍ അപകടം പറ്റും. അപകടം സംഭവിച്ചാല്‍ പിന്നീട് മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാക്കമല്ലോ. ഇങ്ങനെ ഹീനബുദ്ധി പാടുണ്ടോ. എന്തിനാണ് ഇത്രമാത്രം അസഹിഷ്ണുത. കെ പി സി സി പ്രസിഡന്റാണ് നിങ്ങള്‍ ആരാണ് ഇവരെ രക്ഷിക്കാന്‍ എന്ന് ചോദിച്ചത്,’ മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും ഉത്തരവാദിത്തപ്പെട്ട ഏതെങ്കിലും പ്രസ്ഥാനത്തിന് ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കാന്‍ പറ്റുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. എന്തെല്ലാം ചെയ്തിട്ടും ലക്ഷ്യം കാണുന്നില്ല എന്ന് വരുമ്പോള്‍ അവര്‍ സ്വയം പ്രകോപിതരാവുകയാണ് എന്നും പിണറായി വ്യക്തമാക്കി. അതേസമയം കെ എസ് യു മാര്‍ച്ച് എന്തിനാണ് നടത്തുന്നത് എന്നും അദ്ദേഹം ചോദിച്ചു.
കെ എസ് യുവിന് ഏത് വിദ്യാര്‍ഥി പ്രശ്നമാണ് ഉന്നയിക്കാനുള്ളത് എന്ന് മുഖ്യമന്ത്രി ആരാഞ്ഞു. പ്രകോപനം സൃഷ്ടിച്ച് എങ്ങനെയെങ്കിലും സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ശ്രമിക്കുന്നത് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാടിന്റെ സമാധാനം തകര്‍ത്ത് സംഘര്‍ഷം ഉണ്ടാക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചു. എന്നിരുന്നാലും സമൂഹം സംയമനം പാലിച്ചു.
എസ് എഫ് ഐ പ്രതിഷേധങ്ങള്‍ നടത്തിയത് സംയമനം പാലിച്ച് കൊണ്ടാണ് എന്നും ഗവര്‍ണര്‍ ആഗ്രഹിച്ചത് പോലെ സംഘര്‍ഷ അന്തരീക്ഷം ഉണ്ടായില്ല എന്നും അദ്ദേഹം അവകാശപ്പെട്ടു. ചാന്‍സലറുടെ നിലവാര തകര്‍ച്ചയിലേക്ക് വിദ്യാര്‍ഥികള്‍ പോയില്ല എന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളെ പറയാന്‍ ഇനി മോശം വാക്കുകളൊന്നുമില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണറുടെ കെണിയില്‍ വിദ്യാര്‍ഥികള്‍ വീണില്ല. ഉയര്‍ന്ന ബോധത്തോടെ വിദ്യാര്‍ഥികള്‍ നിന്നെന്നും പറഞ്ഞ് അദ്ദേഹം എസ് എഫ് ഐയെ ശ്ലാഘിച്ചു. അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്ത് നല്‍കിയതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. അക്കാര്യങ്ങളെല്ലാം നാളെ പറയാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.