KeralaNews

പട നയിയ്ക്കാൻ മുഖ്യമന്ത്രിയെത്തും, തൃക്കാക്കരയിൽ പ്രചാരണം തിളച്ചുമറിയും

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ പ്രചാരണ ചൂടേറുകയാണ്. ഇടത് ക്യാംപിനായി തെരഞ്ഞെടുപ്പ് ഏകോപനം മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) നേരിട്ടാണ് നടത്തുന്നത്. മുഖ്യമന്ത്രി തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്താകും പ്രചരണം ഏകോപിപ്പിക്കുക. ഭരണപരമായ അത്യാവശ്യങ്ങൾക്ക് മാത്രമായിരിക്കും തിരുവനന്തപുരത്തേക്ക് പോവുക. ഇന്ന് മുതൽ മുഴുവൻ തെരഞ്ഞെടുപ്പ് ലോക്കൽ കമ്മിറ്റികളിലും മുഖ്യമന്ത്രി പങ്കെടുക്കും. 60 എംഎൽ എ മാരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തിൽ എത്തിയിട്ടുണ്ട്.

സിൽവർ ലൈൻ അടക്കമുള്ള വിഷയങ്ങളുയർത്തി തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് നേരിടുന്ന സർക്കാറിനും വിജയം അഭിമാന പ്രശ്നമാണ്. തൃക്കാക്കരയിൽ വിജയിച്ച് സെഞ്ച്വറി തികയ്ക്കുക എന്ന ലക്ഷ്യം തന്നെയാണ് നേരിട്ട് കളത്തിലിറങ്ങാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രിയെത്തിയപ്പോൾ വലിയ ആവേശകരമായിരുന്നു ഇടത് ക്യാംപുകളിൽ കണ്ടത്. ഈ ആവേശം തെരഞ്ഞെടുപ്പ് കഴിയും വരെ കൊണ്ട് പോകാനാണ് ഇടത് മുന്നണിയുടെ നീക്കം.

ഇന്ന് മുതൽ മുഴുവൻ ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങൾ ചേരുന്നുണ്ട്. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയാണ് ആദ്യം ചേരുക. ഒരു മണിക്കൂർ വീതം പത്ത് ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ മുഖ്യമന്ത്രിയുണ്ടാകും. സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കാണ് ലോക്കൽ കമ്മിറ്റുകളുടെ മേൽനോട്ട ചുമതല. ഓരോ കമ്മിറ്റികൾക്ക് കീഴിലും അഞ്ച് എംഎൽഎമാർ കൂടിയുണ്ട്. ഇതിനായി 60 എംഎൽഎമാർ മണ്ഡലത്തിലെത്തി. വീടുകൾ കേന്ദ്രീകരിച്ച് ചേരുന്ന  ചേരുന്ന യോഗങ്ങളിൽ എംഎൽഎമാർ പങ്കെടുക്കും. താര എംഎൽഎമാർ പൊതുവായി വേറെയും പ്രചാരണത്തിനുണ്ട്.

യുഡിഎഫ് ക്യാമ്പിന് നേതൃത്വം കൊടുക്കുന്നത് പ്രതിപക്ഷ നേതാവും കെ പി സി സി അധ്യക്ഷനുമാണ്. ജോ ജോസഫിനെ ജയിപ്പിച്ച് തൃക്കാക്കരക്കാർ അബദ്ധം തിരുത്തുമെന്ന മുഖ്യമന്ത്രിയുടെ പരാമ‍ർശം തന്നെയാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആയുധം. പി ടി തോമസിനെ വിജയിപ്പിച്ചതിലൂടെ തൃക്കാക്കരക്കാർക്ക് അബദ്ധം പറ്റിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞുവച്ചതെന്നാണ് പ്രതിപക്ഷ നേതാക്കൾ മണ്ഡലത്തിൽ ചൂണ്ടികണിക്കുന്നത്. ക്രൂരവും നിന്ദ്യവുമായ പ്രസ്താവയാണെന്നും നിയമസഭയിൽ പി ടി തോമസ് പ്രതിരോധത്തിലാക്കിയതിന്റെ പകയാണ് പിണറായി വിജയൻ ഇപ്പോഴും കാണിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്നും സതീശൻ വിമർശിച്ചു.

മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും പിടി തോമസിന്‍റെ ഭാര്യയുമായ ഉമാ തോമസും രംഗത്തെത്തിയിരുന്നു. തൃക്കാക്കരയുടെ അഭിമാനമാണ് പി ടി യെന്നും അതിനാലാണ് അദ്ദേഹത്തെ രാജകുമാരനെപ്പോലെ ജനങ്ങൾ യാത്രയാക്കിയതെന്നും ഉമ തോമസ് പ്രതികരിച്ചു. തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ തെറ്റ് തിരുത്താനുള്ള സുവർണാവസരം എന്നും പറ്റിയ അബദ്ധം തിരുത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാർഹവും ദുഖകരവും ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്ത വാക്കുകളുമാണ്. പി ടി യെ പോലൊരാളുടെ നഷ്ടത്തെ സുവർണാവസരമായി കാണാൻ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കും?  മരണത്തെ അദ്ദേഹം ആഘോഷമാക്കി മാറ്റുകയാണോയെന്നും ഉമ ചോദിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button