തിരുവനന്തപുരം: കോന്നിയിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിച്ചയാളോട് താൻ പ്രതികരിച്ച രീതി ശരിയാണെന്ന് ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ കാര്യത്തിലും പാലിക്കേണ്ട ചില മര്യാദകളുണ്ടെന്നും അത് ലംഘിക്കപ്പെട്ടാൽ സ്വാഭാവികമായ പ്രതികരണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പൊതുയോഗങ്ങൾ ചോദ്യങ്ങൾ ചോദിക്കാനുള്ള ഇടമല്ലെന്നും അത്തരം കാര്യങ്ങൾ പത്രസമ്മേളനത്തിലാണ് ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ സദസ്സിലിരുന്ന ഒരാൾ ‘ഒരു ചോദ്യം’ എന്ന് വിളിച്ചുപറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. ഇതിന് മറുപടിയായി “ചോദ്യം വീട്ടിൽ പോയി ചോദിച്ചാൽ മതി” എന്ന് മുഖ്യമന്ത്രി പറഞ്ഞത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന തരത്തിലുള്ള പ്രതിപക്ഷ വിമർശനങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. തനിക്ക് സമനില തെറ്റേണ്ട കാര്യമില്ലെന്നും അങ്ങനെ സംഭവിക്കുന്നത് ആർക്കാണെന്ന് ജനങ്ങൾ പലതവണ കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.
“പൊതുയോഗം എന്ന് പറഞ്ഞാൽ പത്രസമ്മേളനമല്ലല്ലോ. നിങ്ങൾ എല്ലാവരും നാളെ എന്റെ പൊതുയോഗത്തിൽ വന്ന് ചോദ്യം ചോദിക്കുമോ? അങ്ങനെ ചോദിച്ചാൽ കിട്ടുന്ന മറുപടി അതുതന്നെയാകും. അത് സ്വാഭാവികമല്ലേ? പൊതുയോഗത്തിന് അതിന്റെതായ മര്യാദയില്ലേ?” എന്ന് മുഖ്യമന്ത്രി ചോദിച്ചു. പ്രസംഗം കേൾക്കാൻ ഇഷ്ടമില്ലാത്തവർക്ക് അവിടെ നിന്ന് പോകാമെന്നും എന്നാൽ പൊതുയോഗം കലക്കുന്ന രീതിയിലുള്ള നടപടികൾ സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് ചൂടില നിൽക്കുന്ന കോന്നിയിൽ മുഖ്യമന്ത്രിയുടെ ഈ പരാമർശം രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മുഖ്യമന്ത്രി ജനങ്ങളോട് സംവദിക്കാൻ ഭയപ്പെടുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്ന മുഖ്യമന്ത്രി, ജനാധിപത്യപരമായ മര്യാദകൾ എല്ലാവരും പാലിക്കണമെന്ന കർശന സന്ദേശമാണ് നൽകുന്നത്. വരും ദിവസങ്ങളിലും ഈ ‘ചോദ്യം – ഉത്തരം’ വിവാദം കേരള രാഷ്ട്രീയത്തിൽ സജീവമായി നിലനിൽക്കുമെന്നുറപ്പാണ്.
Kerala CM Pinarayi Vijayan justified his reaction to a person who interrupted his speech at the Konni election convention. Stating that public meetings are not press conferences, the CM noted that there is a decorum to be followed and questions should be asked at appropriate venues. He dismissed opposition claims that he had lost his cool, asserting that public meetings should not be disrupted.


