തിരുവനന്തപുരം: എം.എൽ.എമാർ കരാറുകാരെയും കൂട്ടി മന്ത്രിയെ കാണാൻ വരേണ്ടതില്ലെന്ന് നിയമസഭയിൽ പ്രസ്താവന നടത്തിയ മന്ത്രി പി.എ മുഹമ്മദ് റിയാസിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. റിയാസ് പറഞ്ഞത് പാർട്ടി നിലപാടാണെന്നും ഇക്കാര്യത്തിൽ സി.പി.എമ്മിൽ വ്യത്യസ്ത അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘ഇക്കാര്യത്തിൽ ഇപ്പോഴെന്നല്ല നേരത്തെയും സി.പി.എമ്മിൽ അഭിപ്രായ വ്യത്യാസമില്ല. 1996 ൽ വൈദ്യുത മന്ത്രിയായി പ്രവർത്തിച്ച ആളാണ് ഞാൻ. അന്ന് ഒരു എം.എൽ.എ എന്റെ അടുത്ത് ഒരു കോൺട്രാക്ടറെയും കൂട്ടി വന്നു. ഇത് നിങ്ങളുടെ പണിയല്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു’- മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി റിയാസിന്റെ നിലപാടിനെതിരെ സി.പി.എം പാർലമെന്ററി പാർട്ടി യോഗത്തിൽ വിമർശനമുയർന്നിരുന്നു. തുടർന്ന് റിയാസിന് പിന്തുണയുമായി പാർട്ടി നേതൃത്വം രംഗത്തെത്തിയിരുന്നു.