തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി തോമസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. തന്റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭയ്ക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസ്.
മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു അദ്ദേഹം. ശ്രദ്ധേയനായ പാര്‍ലമെന്റേറിയനെയാണ് പി.ടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ദീര്‍ഘകാലമായി അര്‍ബുദ ബാധിതനായി വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയാണ് പി.ടി തോമസ് മരണപ്പെടുന്നത്. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും തൃക്കാക്കര നിയമസഭാംഗവുമായ അദ്ദേഹം 2009-14 കാലഘട്ടത്തില്‍ ഇടുക്കിയില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു.
പി.ടി. തോമസ് എംഎല്‍എയുടെ വിയോഗത്തോടെ നഷ്ടപ്പെട്ടത് വിശ്വസ്തനായ സഹപ്രവര്‍ത്തകനെയെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. പിടിയുടേത് അപ്രതീക്ഷിത വിയോഗമാണെന്നും സുധാകരന്‍ പറഞ്ഞു. മൂല്യങ്ങളില്‍ അടിയുറച്ച നേതാവായിരുന്നു പി.ടി. തോമസെന്ന് കെ.സി. വേണുഗോപാലും പറഞ്ഞു.