കോണ്‍ഗ്രസിലെ ഒറ്റയാന്‍, അണികളുടെ പ്രിയങ്കരനായ നേതാവ്; ഓര്‍മകളില്‍ പി.ടി

കോട്ടയം: 41 വര്‍ഷത്തിലേറെയായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന പിടിയുടെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ഞെട്ടലിലാണ് നേതാക്കളും പ്രവര്‍ത്തകരും. പി.ടിയെ വേണമെങ്കില്‍ കോണ്‍ഗ്രസിലെ ഒറ്റയാനെന്ന് വിളിക്കാം. തൊടുപുഴയിലെ സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച പി.ടി പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് ഉയര്‍ന്നു വന്നത് ആരുടെയും പിന്‍ബലമില്ലാതെയാണ്.

ആദര്‍ശ രാഷ്ട്രീയവും താഴെത്തട്ടിലെ പ്രവര്‍ത്തകരുമായും സാധാരണക്കാരുമായുമുള്ള അടുത്ത ബന്ധവുമാണ് അദ്ദേഹത്തെ കോണ്‍ഗ്രസിലെ മികച്ച നേതാവാക്കിയത്. ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാന്‍ സാധിക്കുന്ന നേതാവായിരുന്നു അദ്ദേഹം. തന്റെ നിലപാടുകളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയാറായിരുന്നില്ല.

പഠനകാലത്ത് മഹാരാജാസ് കോളജിലെ കെഎസ്യുവിന്റെ തീപ്പൊരി നേതാവായിരുന്നു പി.ടി. വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വവുമായിട്ടും മത-സാമുദായിക സംഘടനകളുമായിട്ടും പി.ടി. കലഹിച്ചിട്ടുണ്ട്. എന്നിരുന്നാല്‍പ്പോലും അടുത്തകാലത്ത് പാര്‍ട്ടിയില്‍ പി.ടി. വീണ്ടും ശക്തനാകുകയായിരുന്നു.

നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി പി.ടിയെ പോലെ ഏറ്റുമുട്ടിയ മറ്റൊരു നേതാവില്ല. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിവിധ ആരോപണങ്ങളുമായി പി.ടി എത്തിയപ്പോള്‍ പിണറായി വിജയനും പിടിയും തമ്മിലുള്ള കടുത്ത വാക്ക്‌പ്പോരുകള്‍ക്ക് പലവട്ടം സഭ സാക്ഷിയായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News