News

21 വയസുവരെ സ്ത്രീയും പുരുഷനും ‘ചൈല്‍ഡ്’, ഏഴു വിവാഹ നിയമങ്ങള്‍ മാറും; പുതിയ ബില്ലിലെ നിര്‍ദേശങ്ങള്‍

ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കി മാറ്റി പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിലൂടെ രാജ്യത്ത് നിലനില്‍ക്കുന്ന ഏഴു വിവാഹ നിയമങ്ങളില്‍ മാറ്റം വരും. ബാല വിവാഹ നിരോധന നിയമത്തില്‍ ഉള്‍പ്പടെയാണ് മാറ്റം വരുന്നത്. എന്നാല്‍ 18 വയസ്സു തികഞ്ഞാല്‍ വ്യക്തി മേജര്‍, അതുവരെ മൈനര്‍ എന്ന് ഇന്ത്യന്‍ മജോരിറ്റി നിയമത്തിലുള്‍പ്പെടെയുള്ള വ്യവസ്ഥയ്ക്ക് മാറ്റമില്ല.

ബാല വിവാഹ നിരോധന നിയമത്തില്‍ ‘ചൈല്‍ഡ്’ എന്നതിനുള്ള നിര്‍വചനമാണ് മാറ്റുന്നത്. 21 വയസ്സു തികയാത്ത പുരുഷനേയും 18 തികയാത്ത സ്ത്രീയേയും ‘ചൈല്‍ഡ്’ ആയാണ് കണക്കാക്കുന്നത്. സ്ത്രീകളുടേയും വിവാഹപ്രായം ഉയര്‍ത്തിയതോടെ പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും 21 വയസ്സുവരെ ‘ചൈല്‍ഡ്’ എന്ന് നിര്‍വചനം മാറും.

ഇതുകൂടാതെ ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം, പാര്‍സി വിവാഹവിവാഹമോചന നിയമം, ഹിന്ദു വിവാഹ നിയമം, പ്രത്യേക വിവാഹ നിയമം, വിദേശിയെ വിവാഹം ചെയ്യുന്നതിനുള്ള നിയമം, ഇസ്ലാമിക നിയമം എന്നിവയില്‍ മാറ്റം വരും. ഇസ്ലാമിക നിയമം ഒഴിച്ചുള്ള മറ്റ് നിയമങ്ങളില്‍ 18 വയസ്സാണ് സ്ത്രീക്ക് വിവാഹത്തിന് അനുവദനീയമായ കുറഞ്ഞ പ്രായം.

എന്നാല്‍ മുസ്ലിം വ്യക്തിനിയമപ്രകാരം, പ്രായപൂര്‍ത്തിയും പക്വതയുമായാല്‍ പുരുഷനും, പ്രായപൂര്‍ത്തിയായാല്‍ സ്ത്രീക്കും വിവാഹമാവാം എന്നാണ്. സ്ത്രീക്ക് 15 വയസ്സ് എന്നതാണ് ഇസ്ലാമിക നിയമത്തിന്റെ ആധികാരിക വ്യാഖ്യാന ഗ്രന്ഥമായ ‘പ്രിന്‍സിപ്പിള്‍സ് ഓഫ് മുഹമ്മദന്‍ ലോ’യില്‍ ദിന്‍ഷ ഫര്‍ദുന്‍ജി മുല്ല വ്യക്തമാക്കിയിട്ടുള്ളത്. പുതിയ നിയമഭേദഗതി നടപ്പായാല്‍, വിവാഹത്തിന് സ്ത്രീക്കും പുരുഷനും 21 വയസ്സ് എന്നതാവും രാജ്യത്ത് എല്ലാവര്‍ക്കും ബാധകമാകുന്ന കുറഞ്ഞ പ്രായപരിധി.

ഇതു കൂടാതെ മറ്റു രണ്ടു നിയമങ്ങളില്‍ കൂടി മാറ്റം വരുന്നുണ്ട്. ഹിന്ദു മൈനോറിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ഷിപ് നിയമത്തിലും (1956) ഹിന്ദു ദത്തെടുക്കല്‍പരിപാലന നിയമത്തിലും ഭേദഗതി വരുത്തുന്നതാണ് പുതിയ ബില്‍ ഭേദഗതി വരുത്തും. ഗാര്‍ഡിയന്‍ഷിപ് നിയമത്തില്‍ മൈനര്‍ പെണ്‍കുട്ടി വിവാഹിതയായാല്‍ രക്ഷാകര്‍തൃത്വ അവകാശം ഭര്‍ത്താവിന് എന്ന വ്യവസ്ഥ ഒഴിവാക്കും. പെണ്‍കുട്ടികളുടെ രക്ഷാകര്‍തൃത്വത്തെക്കുറിച്ച് പറയുന്ന വ്യവസ്ഥയില്‍ അവിവാഹിത എന്ന വാക്ക് ഒഴിവാക്കും.

ഹിന്ദു ദത്തെടുക്കല്‍ പരിപാലന നിയമത്തില്‍ പറഞ്ഞിട്ടുള്ളത് മൈനര്‍ അല്ലാത്തവര്‍ക്ക് ദത്തെടുക്കാമെന്നാണ്. ഈ നിയമത്തിലെ നിര്‍വചനമനുസരിച്ച്, 18 വയസ്സ് തികയുംവരെയാണ് മൈനര്‍. ഈ നിര്‍വചനത്തില്‍ മാറ്റം വരുത്തുന്നില്ല. എന്നാല്‍, 21 വയസ്സില്‍ കുറയാതെ പ്രായമുള്ള പുരുഷനും സ്ത്രീക്കും ദത്തെടുക്കാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തുകയാണ്.

പ്രായപൂര്‍ത്തിയാകാതെ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിക്ക് അതിനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ അത് 20 വയസ്സിനകം നല്‍കാമെന്നാണ് ബാല വിവാഹ നിരോധന നിയമത്തില്‍ ഇപ്പോഴുള്ള വ്യവസ്ഥ. ഇത് 23 വയസ്സാക്കി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവും ബില്ലിലുണ്ട്. ഇന്നലെയാണ് സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് പാര്‍ലമെന്റ് സ്ഥിരം സമിതിയുടെ പരിശോധനയ്ക്ക് വിട്ടത്. പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും ബില്‍ ലോകസഭ പരിഗണിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker