തിരുവനന്തപുരം: കേരളം കൂടുതല്‍ ഗുരുതരമായ സ്ഥിതിയിലേക്കു പോകുകയാണെന്നും കടുത്ത നിയന്ത്രണം വേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗനില്‍ ഇളവുകള്‍ വരുത്തിയ സാഹചര്യത്തില്‍ തുടര്‍ന്നുള്ള നാളുകളില്‍ ചില പ്രത്യേക മേഖലകളില്‍ കടുത്ത നിയന്ത്രണം വേണ്ടിവരും.
വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ നാട്ടിലേക്കു വരാന്‍ തുടങ്ങിയപ്പോള്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു. ഈ വര്‍ധന മനസിലാക്കിയാണ് രോഗനിര്‍വ്യാപന തന്ത്രങ്ങള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. കൊവിഡ് വൈറസ് നാട്ടിലേക്കു വന്നത് ആരുടെയും കുറ്റംകൊണ്ടോ അലംഭാവംകൊണ്ടോ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മേയ് ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ് തീയതികളില്‍ പുതുതായി രോഗബാധിതര്‍ ഉണ്ടായിരുന്നില്ല. മേയ് ഏഴിനാണ് വിദേശത്തുനിന്ന് വിമാനം വരാന്‍ തുടങ്ങിയത്. എട്ടാം തീയതി ഒരാള്‍ക്ക് രോഗം ബാധിച്ചു. അന്ന് ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം പതിനാറായിരുന്നു. മേയ് 13-ന് പുതിയ രോഗികളുടെ എണ്ണം പത്തായി. 16 പേര്‍ എന്ന നിലയില്‍നിന്ന് ഇപ്പോള്‍ 161 എന്ന നിലയില്‍ എത്തിനില്‍ക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.