കോട്ടയം: സിറ്റിംഗ് സീറ്റായ പാലാ നല്‍കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍സിപി ദേശീയ നേതൃത്വത്തെ അറിയിച്ചു. പ്രഫുല്‍ പട്ടേലിനെ ഫോണില്‍ വിളിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ മറ്റൊരു ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്ന തരത്തില്‍ അന്തിമ തീരുമാനമെന്ന നിലയിലാണ് നിലപാട് മുഖ്യമന്ത്രി എന്‍സിപി നേതൃത്വത്തെ അറിയിച്ചത്.
കാപ്പന് പാലായ്ക്ക് പകരം വേണമെങ്കില്‍ കുട്ടനാട്ടില്‍ മത്സരിക്കാമെന്ന നിലപാടാണ് സിപിഎമ്മിന്റേത്. മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തതിന് പിന്നാലെ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരനോട് അടിയന്തരമായി ഡല്‍ഹിക്ക് എത്താന്‍ ശരത് പവാര്‍ നിര്‍ദ്ദേശം നല്‍കി. കാപ്പനും പീതാംബരനും ചേര്‍ന്ന് ഇന്ന് ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തും.
പാലായ്ക്ക് പുറമേ മന്ത്രി എ.കെ.ശശീന്ദ്രന്‍ മത്സരിക്കുന്ന എലത്തൂരും സിപിഎം ഏറ്റെടുത്തേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അങ്ങനെ വന്നാല്‍ എന്‍സിപിക്ക് സിറ്റിംഗ് സീറ്റുകളില്‍ രണ്ടെണ്ണം നഷ്ടമാകും. ഇത്ര വിലയ അവഗണന സഹിച്ച് എല്‍ഡിഎഫില്‍ തുടരേണ്ടെന്നാണ് കാപ്പന്‍ അനുകൂലികളുടെ നിലപാട്. എലത്തൂര്‍ ലഭിച്ചില്ലെങ്കില്‍ എന്ത നിലപാട് സ്വീകരിക്കണമെന്നത് ശശീന്ദ്രന്‍ ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.
എലത്തൂരും പാലായും ഇല്ലെങ്കില്‍ എന്‍സിപി മുന്നണി വിടുമെന്ന് ഏതാണ്ട് ഉറപ്പാണ്. കാപ്പനെ പരസ്യമായി പ്രതിപക്ഷ നേതാവ് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. പാര്‍ട്ടി പിളര്‍ന്ന് കാപ്പന്‍ മാത്രമായി മുന്നണിയിലേക്ക് വന്നാലും കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തില്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ച നിര്‍ണായകമാകും.