ന്യൂഡല്‍ഹി: കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ട് പോക്കിനും അനിവാര്യമായതിനാലാണ് പ്രക്ഷോഭത്തിന്റെ മാർഗം തിരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള സമരമാണിതെന്നും മുഖ്യമന്ത്രി. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരാളെയും തോല്‍പിക്കാനുള്ള ലക്ഷത്തോടെയല്ല സമരം. തോറ്റ് പിന്മാറുന്നത് പകരം അർഹതപ്പെട്ടത് നേടിയെടുക്കുക എന്ന ലക്ഷ്യമാണ് സമരത്തിന് പിന്നിൽ. രാജ്യമാകെ പിന്തുണയുമായി കേരളത്തോടൊപ്പം നിലകൊള്ളുകയാണ്. സമരത്തിന് കക്ഷിരാഷട്രീയ നിറം നൽകി കാണാൻ ശ്രമിക്കരുത്. സഹകരണ ഫെഡറലിസം നമ്മുടെ പ്രഖ്യാപിത ആദര്‍ശമാണ്. എന്നാൽ. ചില കേന്ദ്രനടപടികൾ മൂലം ആശയത്തിന്റെ അന്തസ്സ് ചോർന്നു പോകുന്നു.
വ്യാഴാഴ്ച ഡല്‍ഹിയില്‍ കേരളമൊരു സവിശേഷമായ സമരമാണ് നടത്തുന്നത്. സംസ്ഥാനത്തെ മന്ത്രിസഭാംഗങ്ങളും നിയമസഭാംഗങ്ങളും പാര്‍ലമെന്റംഗങ്ങളും പ്രക്ഷോഭത്തില്‍ പങ്കെടുക്കും. രാജ്യത്ത് 17 സംസ്ഥാനങ്ങളാണ് ബി.ജെ.പി നേരിട്ടോ അല്ലാതെയോ ഭരിക്കുന്നത്. ഈ 17 ഇടങ്ങളിൽ ലാളനയും മറ്റിടങ്ങളിൽ പീഡനവും എന്നാണ് കേന്ദ്ര നിലപാടെന്നും മുഖ്യമന്ത്രി ആരോപിച്ചു.