NationalNews

മോദിക്കെതിരെ പോക്കറ്റടിക്കാരൻ പരാമർശം; രാഹുൽ ഗാന്ധിയ്ക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശിച്ച് കോടതി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ പോക്കറ്റടിക്കാർ എന്ന് വിളിച്ചതിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ച് ഡൽഹി ഹൈക്കോടതി. രാഹുൽ നടത്തിയ പ്രയോഗം തെറ്റാണെന്ന് നിരീക്ഷിച്ച കോടതി നടപടിയെടുക്കാൻ കമ്മീഷന് എട്ടാഴ്ചത്തെ സമയം നൽകി.

രാജസ്ഥാനിലെ നദ്ബായിയില്‍ പ്രസംഗത്തിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, ഗൗതം അദാനി എന്നിവരേയാണ് രാഹുൽ പോക്കറ്റടിക്കാർ എന്ന് വിശേഷിപ്പിച്ചത്. പരാമർശത്തിൽ നവംബര്‍ 23-ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. നവംബര്‍ 25-നകം മറുപടി നല്‍കണമെന്ന് നിര്‍ദേശിച്ചെങ്കിലും രാഹുൽ വിശദീകരണം നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നടപടിയെടുക്കാന്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയത്. അതേസമയം രാഹുലിനെതിരെ എന്ത് നടപടിയെടുക്കണമെന്നത് സംബന്ധിച്ച് കോടതി നിർദ്ദേശം നൽകിയിട്ടില്ല.

പ്രകോപനപരമായ പ്രസംഗം നടത്തിയ രാഹുൽ ഗാന്ധിയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജിയായിരുന്നു ഡൽഹി കോടതിയിൽ സമർപ്പിക്കപ്പെട്ടത്. നേരത്തേ വിഷയത്തിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ ബി ജെ പി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. വളരെ മുതിർന്ന നേതാവിന് നേരെ ഇത്തരമൊരു ഭാഷ പ്രയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യവസായികൾക്ക് 14,00,000 കോടി രൂപ ഇളവ് നൽകിയെന്ന ഗാന്ധിയുടെ ആരോപണം വസ്തുതകളിൽ നിന്ന് ഉരുത്തിരിഞ്ഞതല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ പരാതിയിൽ ബിജെപി പറഞ്ഞു.വ്യവസായികൾക്ക് 14,00,000 കോടി രൂപ ഇളവ് നൽകിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ബി ജെ പി പരാതിയിൽ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച് രാഷ്ട്രീയ എതിരാളികൾക്കെതിരെ സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ ഉന്നയിക്കാൻ നേതാക്കൾക്ക് അനുവാദമില്ലെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയക്കുകയായിരുന്നു.

രാജസ്ഥാൻ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നവംബര്‍ 22-നായിരുന്നു രാഹുലിന്റെ പ്രസംഗം.’പോക്കറ്റടിക്കാര്‍ മൂന്ന് പേരുടെ സംഘമായാണ് വരിക, ആദ്യത്തെയാള്‍ അസാധാരണമായ കാര്യങ്ങള്‍ പറഞ്ഞ് ശ്രദ്ധ തിരിക്കും. രണ്ടാമന്‍ പോക്കറ്റടിക്കും. മൂന്നാമൻ നിരീക്ഷിക്കും. നിങ്ങള്‍ പോക്കറ്റടി എതിര്‍ക്കുന്നുണ്ടെന്ന് കണ്ടാല്‍ അയാള്‍ നിങ്ങളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇവിടെ ശ്രദ്ധ തിരിക്കുന്നത് നരേന്ദ്രമോദിയാണ്. പോക്കറ്റടിക്കുന്നത് അദാനിയും. ഇരകളെ ഭീഷണിപ്പെടുത്തുന്നത് അമിത് ഷായും’, എന്നായിരുന്നു രാഹുൽ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button