23.5 C
Kottayam
Sunday, November 17, 2024
test1
test1

പെട്രോൾ-ഡീസൽ വില കൂടും, മദ്യവിലയും ഉയരും; സംസ്ഥാനത്ത് 2 രൂപ ഇന്ധനസെസ് നാളെ മുതൽ പ്രാബല്യത്തിൽ, ഏപ്രിൽ 1 മുതൽ സുപ്രധാന മാറ്റങ്ങള്‍ ഇങ്ങനെ

Must read

തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ അധികം നൽകണം. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തിൽ വരും. മദ്യത്തിന്‍റെവിലയും നാളെ മുതലാണ് കൂടുന്നത്. പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ വരുന്നത്.

നാളെ മുതൽ ജീവിതച്ചെലവ് കുത്തനെ കൂടുകയാണ്. ഇന്ധനവിലയിലാണ് പ്രധാനമായും കൈപൊള്ളുന്നത്. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച് 2 രൂപ സെസാണ് നിലവിൽ വരുന്നത്. വ്യാപക പ്രതിഷേധത്തിനൊടുവിൽ ഒരു രൂപയെങ്കിലും കുറക്കുമെന്ന സൂചനയുണ്ടായെങ്കിലും സർക്കാർ ഒട്ടും പിന്നോട്ട് പോയില്ല. മദ്യവിലയിൽ പത്ത് രൂപയുടെ വരെ വ്യത്യാസവും ഉണ്ടാകും.

13 വര്‍ഷത്തിനിടെ അഞ്ച് തവണയാണ് സംസ്ഥാനത്ത് ന്യായവില കൂടിയത്. സെന്റിന് ഒരുലക്ഷം ന്യായവില 20 ശതമാനം കൂടുമ്പോൾ 1,20,000. എട്ട് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്ട്രേഷൻ ഫീസും ചേര്‍ന്നാൽ പ്രമാണ ചെലവിലും ആനുപാതിക വര്‍ധന ഉണ്ടാകും. അതായത് ഒരു ലക്ഷം ന്യായവിലുള്ള ഭൂമി പ്രമാണം ചെയ്യണമെങ്കിൽ 12,000 രൂപയെങ്കിലും വേണം. കൂടിയ നിരക്ക് നിലവിൽ വരുന്നതിന് മുൻപ് പരമാവധി പേര്‍ രജിസ്ട്രേഷൻ നടത്താനെത്തിയതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് ഈമാസം മാത്രം 200 കോടിയോളം രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്. 

ഭൂനികുതിയും അഞ്ച് ശതമാനം കൂടും. കെട്ടിട നികുതി നിരക്കിലും വിവിധ അപേക്ഷകളുടെ ഫീസ് നിരക്ക് വര്‍ദ്ധനയും ബജറ്റിൽ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇതിന് മാര്‍ഗ്ഗരേഖ ഉണ്ടാക്കേണ്ടത് തദ്ദേശ വകുപ്പാണ്. വിശദമായ ഉത്തരവ് ഈ ആഴ്ച തന്നെ പുറത്തിറങ്ങുമെന്നാണ് വകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന.

പെട്രോൾ, ഡീസൽ

∙ പെട്രോളിനും ഡീസലിനും ലീറ്ററിന് 2 രൂപ നിരക്കിൽ സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തുന്നതിനാൽ വിലയിൽ 2 രൂപയുടെ വർധന. 

ഭൂമിയിടപാട്

∙ ഭൂമിയുടെ ന്യായവിലയിൽ 20% വർധന. റജിസ്ട്രേഷൻ ചെലവും ഉയരും. ഇപ്പോൾ 10,000 രൂപയാണ് ന്യായവിലയെങ്കിൽ ഇത് 12,000 രൂപയായി വർധിക്കും. ഒരു ലക്ഷമാണ് ന്യായവിലയെങ്കിൽ വർധിക്കുന്ന ചെലവ് 2,000 രൂപ.

∙ ഫ്ലാറ്റുകളും അപ്പാർട്മെന്റുകളും നിർമിച്ച് 6 മാസത്തിനകം മറ്റൊരാൾക്കു കൈമാറുമ്പോഴുള്ള മുദ്രപ്പത്ര നിരക്ക് 5% എന്നത് 7% ആയി വർധിക്കും. 

കെട്ടിട നികുതി

∙ കെട്ടിട നികുതിയിലും ഉപനികുതികളിലും 5% വർധന. പ്രതിമാസ പിഴത്തുക ഒരു ശതമാനത്തിൽ നിന്നു 2 ശതമാനമായി വർധിക്കും. 

വാഹന നികുതി

∙ സ്വകാര്യ വാഹനങ്ങൾക്ക് ഒറ്റത്തവണ നികുതി കൂടും. വില 5 ലക്ഷം വരെ: 1% വർ‌ധന. 5 ലക്ഷം മുതൽ 15 ലക്ഷം വരെ: 2%. 15 ലക്ഷം മുതൽ 20 ലക്ഷം വരെ: 1%. 20 ലക്ഷം മുതൽ 30 ലക്ഷം വരെ: 1%. 30 ലക്ഷത്തിനു മേൽ: 1%. 

∙ 2 ലക്ഷം വരെ വിലയുള്ള പുതിയ മോട്ടർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ 2% വർ‌ധന. 

∙ പുതിയ ഇരുചക്ര വാഹനങ്ങൾക്കുള്ള റോഡ് സുരക്ഷാ സെസ് 50 രൂപയിൽ നിന്ന് 100 രൂപയാകും. ലൈറ്റ് മോട്ടർ വാഹനങ്ങൾക്ക് 100 രൂപയിൽ നിന്ന് 200 രൂപ, മീഡിയം മോട്ടർ വാഹനങ്ങൾക്ക് 150 രൂപയിൽ നിന്നു 300 രൂപ, ഹെവി മോട്ടർ വാഹനങ്ങൾക്ക് 250 രൂപയിൽ നിന്ന് 500 രൂപ. 

∙ ഇലക്ട്രിക് വാഹനങ്ങൾക്ക് ആദ്യ 5 വർഷത്തേക്ക് നൽകിയിരുന്ന 50% നികുതി ഇളവ് ഇനിയില്ല. 

വ്യവഹാരം

∙ ജുഡീഷ്യൽ കോർട്ട് ഫീ സ്റ്റാംപുകളുടെ നിരക്ക് വർധിക്കും. മറ്റു കോടതി വ്യവഹാരങ്ങൾക്കുള്ള കോർട്ട് ഫീസിൽ 1 % വർധന. 

∙ മാനനഷ്ടം, സിവിൽ, നിയമലംഘനം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾക്കുള്ള കോടതി ഫീസ് ക്ലെയിം തുകയുടെ 1 % ആകും.

മരുന്ന്

∙ മരുന്നുകൾക്കു വില വർധിക്കും. എന്നാൽ, പുതിയ ബാച്ച് മരുന്നുകൾ എത്തുമ്പോഴേ ഇതു പ്രതിഫലിക്കൂ.

ക്വാറി ഉൽപന്നങ്ങൾ

∙ കരിങ്കല്ല്, മണ്ണ്, ചെങ്കല്ല് തുടങ്ങിയവയുടെ റോയൽറ്റിയും മറ്റു നിരക്കുകളും കൂടും. 

മദ്യം

∙ 500 രൂപ മുതൽ 999 രൂപ വരെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ ഒരു കുപ്പിക്ക് 20 രൂപയും 1000 രൂപയിലേറെ വിലയുള്ള മദ്യത്തിന് 40 രൂപയും സാമൂഹിക സുരക്ഷാ സെസ്. 

ഇളവുകൾ

∙ പുതുതായി വാങ്ങുന്ന ഇ–വാഹനങ്ങൾക്കുള്ള നികുതി 20 ശതമാനത്തിൽ നിന്ന് 5 ശതമാനമാകും. 

∙ വിൽപന നടന്ന ഭൂമി 3 മാസത്തിനുള്ളിൽ‌ വീണ്ടും വിൽക്കുകയാണെങ്കിൽ സ്റ്റാംപ് ഡ്യൂട്ടി ഇരട്ടി നൽകണമെന്ന നിലവിലെ വ്യവസ്ഥ ഒഴിവാകും. 3 മാസത്തിനും 6 മാസത്തിനും ഇടയ്ക്കു വിറ്റാൽ ഒന്നര ഇരട്ടി സ്റ്റാംപ് ഡ്യൂട്ടി നൽകണമെന്നതും ഇനിയില്ല. 

∙ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സ്വകാര്യ സ്കൂൾ വാഹനങ്ങളുടെ നികുതി 3 മാസത്തേക്ക് 5,500 രൂപ എന്നത് 1000 രൂപയാക്കി.

∙ ജീവകാരുണ്യ സംഘടനകൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയുടെ വാഹനങ്ങൾക്കുള്ള നികുതി സർക്കാർ സ്കൂളിന്റേതിനു സമാനമാക്കി. 

∙ സ്വകാര്യ ബസ്, കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ‌ക്ക് ത്രൈമാസ നികുതിയിൽ 10% ഇളവ്. 

∙ സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സൗജന്യമായി ഉപയോഗിക്കാവുന്ന കളിസ്ഥലങ്ങൾ, വായനശാലകൾ എന്നിവയ്ക്കു കെട്ടിട നികുതിയില്ല. 

∙ 30 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണമുള്ള വീട്ടിൽ താമസിക്കുന്ന ബിപിഎൽ കുടുംബത്തിന് കെട്ടിട നികുതിയില്ല. 60 ചതുരശ്ര മീറ്ററിൽ താഴെയുള്ള വീടിന്റെ ഏതു വിഭാഗത്തിൽപ്പെട്ട ഉടമയ്ക്കും ഇനി ഇൗ ഇളവു ലഭിക്കും. 

അതിർത്തിയിലെ ഇന്ധനവില മാറ്റം (രൂപ)

പെട്രോൾ‌ ഇന്ന്

പാറശാല 107.98, കളിയിക്കാവിള 103.85 

വ്യത്യാസം 4.13

നാളെ

പാറശാല 109.98, കളിയിക്കാവിള 103.85 

വ്യത്യാസം 6.13

മാറ്റങ്ങൾ പലത്

സ്വർണത്തിന് എച്ച്‍യുഐഡി

എച്ച്‌യുഐഡി (ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ) മുദ്രയുള്ള സ്വർണാഭരണങ്ങൾ മാത്രമേ ഇടുക്കി ഒഴികെയുള്ള ജില്ലകളിലെ ജ്വല്ലറികൾക്ക് നാളെ മുതൽ വിൽക്കാനാവൂ. പഴയ 4 മുദ്ര ഹാൾമാർക്കിങ് ഉള്ള ആഭരണങ്ങളുടെ വിൽപന അനുവദിക്കില്ല. പഴയതു മാറ്റിയെടുക്കുന്നതിനു തടസ്സമില്ല.

വോലറ്റിന് ചാർജ്

ഡിജിറ്റൽ വോലറ്റുകളിൽ നിന്നുള്ള 2,000 രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 1.1% ഇന്റർചേഞ്ച്. ഇത് ഉപയോക്താവിൽ നിന്നല്ല ഈടാക്കുന്നത്. സാധാരണ യുപിഐ ഇടപാടുകൾ പൂർണമായും സൗജന്യം.

തൊഴിലുറപ്പു വേതനം 

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മിനിമം ദിവസവേതനം കേരളത്തിൽ 333 രൂപയായി വർധിക്കും. 22 രൂപയാണ് വർധന.

പോസ്റ്റ് ഓഫിസ് അക്കൗണ്ട്

ഇടപാടുകൾക്കു മൊബൈൽ ഫോൺ നിർബന്ധം. 

ഇ–വേസ്റ്റ് ചട്ടം

പുതിയ ഇലക്ട്രോണിക് മാലിന്യ നിർമാർജന ചട്ടം നാളെ മുതൽ പ്രാബല്യത്തിൽ. വിവിധ ഇലക്ട്രോണിക് ഉൽപന്നങ്ങളിൽ നിന്നുള്ള ഇ–വേസ്റ്റ് ഘട്ടം ഘട്ടമായി സംസ്കരിക്കുന്നതിന്റെ ഉത്തരവാദിത്തം ഉൽപാദകർക്ക്.

ഓൺലൈൻ ഗെയ്മിങ് 

ഓൺലൈൻ ഗെയ്മിങ് ആപ്ലിക്കേഷനുകൾക്ക് ക്രിപ്റ്റോ കറൻസികൾക്കു സമാനമായി 30% ടിഡിഎസ് (സ്രോതസ്സിൽ ഈടാക്കുന്ന നികുതി) ബാധകം. 

ഡെറ്റ് ഫണ്ട് നികുതി

3 വർഷത്തിലധികമുള്ള ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾക്കുണ്ടായിരുന്ന നികുതി ഇളവ് നാളെ മുതൽ ഇല്ല. ദീർഘകാല മൂലധന ലാഭ നികുതി ആനുകൂല്യവും പണപ്പെരുപ്പവുമായി തട്ടിച്ചുള്ള ഇൻഡക്സേഷൻ ഇളവും ലഭിക്കില്ല. 

പുതിയ ആദായനികുതി സ്കീം

നാളെ മുതൽ ആദായനികുതി അടയ്ക്കുന്നതിന് പുതിയ സ്കീമായിരിക്കും സ്വാഭാവിക മാർഗമായി ഓൺലൈനിൽ ലഭ്യമാവുക. പഴയ സ്കീമിൽ തുടരണമെങ്കിൽ പ്രത്യേകം തിരഞ്ഞെടുക്കണം.

7,27,777 രൂപ വരെയുള്ള വരുമാനത്തിന് നികുതി ഒഴിവാകും. 5 ലക്ഷം രൂപയെന്ന റിബേറ്റ് 7 ലക്ഷമാകും. പുതിയ നികുതി സ്ലാബും നിലവിൽ വരും. 

സെക്കൻഡ് ഹാൻഡ് വാഹനചട്ടം

സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള മോട്ടർ വാഹന നിയമ ഭേദഗതി നാളെ നിലവിൽ വരും. 

മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപം

മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതിയിൽ (എസ്‍സിഎസ്എസ്) നാളെ മുതൽ ഇരട്ടിത്തുക നിക്ഷേപിക്കാം. 15 ലക്ഷം രൂപയായിരുന്ന പരിധി 30 ലക്ഷമാക്കി ഉയർത്തി. പ്രതിമാസ വരുമാന പദ്ധതിയിൽ (എംഐഎസ്) വ്യക്തിഗത അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന തുക 4.5 ലക്ഷമായിരുന്നത് 9 ലക്ഷമാക്കി. ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കാം. നിലവിലെ പരിധി 9 ആണ്.

ഇൻഷുറൻസും നികുതിയും

നാളെ മുതൽ എടുക്കുന്ന 5 ലക്ഷം രൂപയ്ക്കു മുകളിൽ വാർഷിക പ്രീമിയമുള്ള ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നിന്നുള്ള വരുമാനത്തിന് നികുതിയിളവില്ല. 

മൂലധന നികുതിയിലെ ഇളവ് 

വീടുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് മൂലധന നേട്ട നികുതിയിലെ ഇളവിനുള്ള പരിധി 10 കോടി രൂപയായി പരിമിതപ്പെടുത്തി. വിലകൂടിയ വീടുകൾ കൈമാറുകവഴി സമ്പന്നർ സ്വന്തമാക്കിയിരുന്ന പരിധി വിട്ട ഇളവ് ഇനി ഉണ്ടാകില്ല.

ലീവ് സറണ്ടർ

സർവീസിൽ നിന്ന് വിരമിക്കുമ്പോൾ അവധി പണമാക്കി മാറ്റുന്ന (ലീവ് സറണ്ടർ) സർക്കാർ ഇതര ജീവനക്കാർക്കുള്ള നികുതിയിളവ് പരിധി നാളെ മുതൽ 25 ലക്ഷം രൂപ. നിലവിൽ 3 ലക്ഷമാണ്.

ഹെൽത്ത് കാർഡ് നിർബന്ധം

ഹോട്ടൽ, റസ്റ്ററന്റ്, ബേക്കറി എന്നിവയിൽ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മണിപ്പൂരിൽ വീണ്ടും സംഘ‍ർഷം കനക്കുന്നു ; ഇന്റർനെറ്റ് റദ്ദാക്കി, ഇംഫാലിൽ കർഫ്യൂ

ഇംഫാൽ: അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്‌ചിംഗ്, കാങ്‌പോക്‌പി, ചുരാചന്ദ്പൂർ ജില്ലകളിലാണ്...

കൊച്ചിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; വീട് പൂർണമായും കത്തിനശിച്ചു

കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. ചിറയ്ക്കൽ സ്വദേശി അനിൽ കുമാറാണ് മരിച്ചത്. മുളന്തുരുത്തി പെരുമ്പള്ളിയിലാണ് സംഭവം. ഗുരുതര പരിക്കുകളോടെ അനിവൽകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ഭർത്താവിന് അയല്‍ക്കാരിയുമായി അവിഹിത ബന്ധം,  മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; യുവാവിൻ്റെ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍: അയല്‍ക്കാരിയുമായുള്ള ഭര്‍ത്താവിന്റെ ബന്ധത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ പഴയന്നൂര്‍ വില്ലേജ് വലപ്പാറ ദേശത്ത് ഈച്ചരത്ത് വീട്ടില്‍ രമേഷ് എന്ന സുരേഷിന്റെ (35)...

പോലീസിൻ്റെ കയ്യിൽ നിന്നും ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ

ആലപ്പുഴ: ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ.പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി...

ചേവായൂർ ബാങ്ക് ഭരണം സിപിഎം പിന്തുണയുള്ള വിമതർക്ക്; 61 കൊല്ലത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം

കോഴിക്കോട്: 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.എം. പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി. പ്രശാന്ത് കുമാർ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.