കൊവിഡ് ചികിത്സയ്ക്കായി കുതിരകളില്‍ നിന്ന് വികസിപ്പിച്ചെടുത്ത ആന്റിബോഡി ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി

ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയ്ക്കായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വികസിപ്പിച്ചെടുത്ത ‘ആന്റിസെറ’യുടെ ക്ലിനിക്കല്‍ പരീക്ഷണത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. ഐസിഎംആറും ഹൈദരാബാദിലെ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ബയോളജിക്കല്‍ ഇ ലിമിറ്റഡും ചേര്‍ന്നാണ് ആന്റിസെറ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

നിര്‍ദിഷ്ട ആന്റിജെനുകള്‍ക്കെതിരായി ഉയര്‍ന്ന ആന്റിബോഡികള്‍ ഉള്ള ബ്ലഡ് സെറമാണ് ആന്റിസെറ. കുതിരകളില്‍ സജീവമല്ലാത്ത കോറോണ വൈറസ് കുത്തിവെച്ചാണ് ഇത് വികസിപ്പിച്ചെടുത്തത്. ഇത് കൊവിഡ് രോഗത്തിനെതിരായ ആന്റിബോഡി ചികിത്സയാണ്. പ്ലാസ്മാതെറാപ്പിയുടെ അതേ രീതിയിലാണ് ഇതിന്റേയും പ്രവര്‍ത്തനം.

സാര്‍സ് കോവ് 2 കുത്തിവെച്ചതിന് ശേഷം വൈറല്‍ അണുബാധയില്‍ നിന്ന് അതിജീവിച്ച, വൈറസിനെതിരെ ആന്റിബോഡികള്‍ ഉള്ളതായി കണ്ടെത്തിയ കുതിരകളെയായിരിക്കും ചികിത്സയ്ക്കായി ഉപയോഗിക്കുക. ഇത് മനുഷ്യരില്‍ സുരക്ഷിതവും ഫലപ്രദവുമാണോയെന്നറിയുന്നതിനായി ഹ്യൂമന്‍ ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തേണ്ടതുണ്ട്.

പഠനത്തിന്റെ ഭാഗമായി പത്തു കുതിരകളിലാണ് സാര്‍സ് കോവ് 2 കുത്തിവെച്ചിരുന്നത്. തുടര്‍ന്ന് 21 ദിവസത്തിന് ശേഷം പ്ലാസ്മ സാമ്പിളുകള്‍ പരിശോധനയ്ക്കായി സ്വീകരിച്ചു. ഇതിലാണ് ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News