FeaturedHome-bannerKeralaNews

പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ്:കാണാതായത്‌ 482 പോസ്റ്റൽ വോട്ടുകൾ

കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ പോസ്റ്റല്‍ ബാലറ്റ് അടക്കമുള്ള നിര്‍ണായക രേഖകളടങ്ങിയ ഇരുമ്പുപെട്ടിയില്‍നിന്ന് സാധുവായ 482 പോസ്റ്റല്‍ വോട്ട് ബാലറ്റുകള്‍ കാണാതായെന്ന് പെരിന്തല്‍മണ്ണ സബ് കളക്ടറും റിട്ടേണിങ് ഓഫീസറുമായ ശ്രീധന്യ സുരേഷ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അഞ്ചാം ടേബിളില്‍ എണ്ണിയ സാധുവായ 482 പോസ്റ്റല്‍ വോട്ട് ബാലറ്റുകളാണ് കണ്ടെത്താനാകാത്തത്. പോസ്റ്റല്‍ വോട്ടുകള്‍ നഷ്ടപ്പെട്ടത് ഹൈക്കോടതിയുടെ പരിഗണനയിലുള്ള പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് ഹര്‍ജിയിലെ തീരുമാനങ്ങളെ നിര്‍ണായകമായി ബാധിക്കുന്നതായി.

പെരിന്തല്‍മണ്ണ എം.എല്‍.എ. നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ഇടത് സ്വതന്ത്രന്‍ കെ.പി.എം. മുസ്തഫ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. 38 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രമാണ് നജീബ് കാന്തപുരം വിജയിച്ചത്. സാങ്കേതികകാരണങ്ങള്‍ പറഞ്ഞ് 340 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയില്ലെന്നും ഇവയില്‍ മുന്നൂറോളം വോട്ടുകള്‍ തനിക്കാണ് ലഭിച്ചതെന്നുമുള്ള വാദമാണ് ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്നത്. ഹര്‍ജി ജനുവരി 31-ന് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രേഖകള്‍ ഹൈക്കോടതിയില്‍ എത്തിച്ചിരുന്നു. ഇതിനൊപ്പം നല്‍കിയ റിപ്പോര്‍ട്ടിലാണ് പെരിന്തല്‍മണ്ണ സബ് ട്രഷറിയിലെ സ്‌ട്രോങ് റൂമില്‍നിന്ന് കാണാതായ ഇരുമ്പുപെട്ടിയില്‍നിന്ന് 482 പോസ്റ്റല്‍ വോട്ടുകള്‍ നഷ്ടമായി എന്ന് പറഞ്ഞിരിക്കുന്നത്.

ജോയന്റ് രജിസ്ട്രാറുടെ ഓഫീസില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഒരു മൂലയില്‍ കൂട്ടിയിട്ടനിലയിലാണ് പെട്ടിയിലെ രേഖകള്‍ കണ്ടെത്തിയത്. ഇരുമ്പുപെട്ടി തുറന്നനിലയിലായിരുന്നു. എന്നാല്‍, സീല്‍ചെയ്ത കവറിലുണ്ടായിരുന്ന പോസ്റ്റല്‍ രേഖകള്‍ക്ക് കുഴപ്പമുണ്ടായിരുന്നില്ല. സബ് ട്രഷറിയുടെ ട്രഷറര്‍ ആയിരുന്ന എസ്. രാജീവ് എന്ന ഉദ്യോഗസ്ഥനാണ് കൃത്യമായി പരിശോധിക്കാതെ പെട്ടി കോ-ഓപ്പറേറ്റീവ് ജോയന്റ് രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് എത്തിയ സീനിയര്‍ ഇന്‍സ്പെക്ടര്‍ സി.എന്‍. പ്രതീക്ഷിന് കൈമാറിയത്.

പ്രതീക്ഷും പെട്ടി കിട്ടിയ ഉടനെ ശ്രദ്ധിക്കാതെ പെട്ടിയിലുണ്ടായിരുന്ന സാധനങ്ങള്‍ വിവിധ ചാക്കുകളിലേക്ക് മാറ്റി. കൊണ്ടുപോകാനുള്ള എളുപ്പത്തിനായിട്ടായിരുന്നു ഇത്. ഇത് ജോയന്റ് രജിസ്ട്രാര്‍ ഓഫീസില്‍ കൊണ്ടുവന്ന് ഒരു മൂലയ്ക്ക് തള്ളുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button