CrimeKeralaNews

പെരിന്തൽമണ്ണ ദൃശ്യ കൊലപാത കേസ്; പ്രതി വിനീഷ് ഒരു മണിക്കൂര്‍ ഒളിച്ചിരുന്നു, കുത്തുന്നതിന് മുമ്പ് ഏറെ നേരം നോക്കി നിന്നു

പെരിന്തൽമണ്ണ: പ്രണയം നിരസിച്ചതിന്റെ പകയിൽ പെരിന്തൽമണ്ണ ഏലംകുളത്ത് 21 വയസ്സുകാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി വിനീഷിനെ തെളിവെടുപ്പിനായി എത്തിച്ചു. സ്റ്റേഷനിൽ നിന്ന് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയതിനു ശേഷമാണ് കൊല്ലപ്പെട്ട പെൺകുട്ടി ദൃശ്യയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

ദൃശ്യയുടെ വീടിന് സമീപം നാട്ടുകാർ തടിച്ചുകൂടിയിരുന്നു. പ്രതിഷേധമുണ്ടാവാനുള്ള സാഹചര്യം കണക്കിലെടുത്ത് നാട്ടുകാരെ മാറ്റിയതിന് ശേഷമാണ് വിനീഷിനെ തെളിവെടുപ്പിനെത്തിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടുമ്പോൾ ഒരു ചെരുപ്പ് വീട്ടിൽ ഉപേക്ഷിച്ചിരുന്നതായി വിനീഷ് ഇന്നലെ പോലീസിനോട് പറഞ്ഞിരുന്നു. ഇത് പോലീസ് കണ്ടെത്തി. കൊലപാതകം നടത്തിയ രീതി എങ്ങനെയാണ് വിനീഷ് പോലീസിന് വിശദീകരിച്ചു.

ദൃശ്യയുടെ വീടിന് പിന്നിലെ ആൾതാമസമില്ലാത്ത വീട്ടിൽ ഒരു മണിക്കൂറോളം ഒളിച്ചിരുന്നതിന് ശേഷമാണ് അടുക്കള ഭാഗത്തുകൂടെ ദൃശ്യയുടെ വീട്ടിലേക്ക് കയറിയതെന്ന് വിനീഷ് പോലീസിനോട് പറഞ്ഞു. അടുക്കളയിൽ നിന്ന് കത്തിയും കൈക്കലാക്കി. പിന്നീട് വീടിന്റെ മുകൾ നിലയിലേക്ക് പോയി. അവിടേക്ക് ദൃശ്യ വരുന്നത് കാത്തിരുന്നു. എന്നാൽ താഴത്തെ നിലയിലാണ് ദൃശ്യ ഉണ്ടായിരുന്നത്. ഇതറിഞ്ഞ് ആളില്ലാത്ത സമയം നോക്കി താഴേക്കിറങ്ങി. കുറേനേരം ദൃശ്യയെ നോക്കിനിന്നു. ആക്രമിക്കാനായി തയ്യാറെടുക്കുമ്പോഴായിരുന്നു ദൃശ്യയുടെ സഹോദരി ദേവശ്രീ മുറിയിലേക്ക് വന്നത്. അതോടെ ദേവശ്രീയെ ആക്രമിച്ചു. പിന്നീടാണ് ദൃശ്യയെ കുത്തിക്കൊലപ്പെടുത്തി രക്ഷപ്പെട്ടത്.

വീട്ടിൽ നിന്ന് പുറത്തിറങ്ങി വീടിന് പിന്നിലെ പൈപ്പിൽ നിന്ന് കയ്യിലേയും വസ്ത്രത്തിലേയും രക്തക്കറ കഴുകിക്കളഞ്ഞു. പിന്നീട് പുറകുവശത്തുള്ള വയലിലൂടെ രക്ഷപ്പെടുകയായിരുന്നു. പ്രതി ധരിച്ച മാസ്കും ദൃശ്യയുടെ പിതാവിന്റെ കടയായ സികെ സ്റ്റോർസ് തീയിടാനായി ഉപയോഗിച്ച ലൈറ്ററും വീടിനു സമീപം ഉപേക്ഷിച്ചതായി വിനീഷ് മൊഴി നൽകിയിട്ടുണ്ട്. ഇത് കണ്ടെത്താനുള്ള തിരച്ചിലിലാണ് ഇപ്പോൾ പോലീസ്. ദൃശ്യയെ കുത്തിക്കൊലപ്പെടുത്താനുപയോഗിച്ച കത്തി പോലീസ് ഇന്നലെ തന്നെ കണ്ടെടുത്തിരുന്നു. വീട്ടിലെ തെളിവെടുപ്പിന് ശേഷം ദൃശ്യയുടെ പിതാവിന്റെ കടയിലേക്കും വിനീഷിനെ തെളിവെടുപ്പിനായി കൊണ്ടുപോകും.

കൊലപാതകം, കൊലപാതക ശ്രമം, ഭവനഭേദന ശ്രമം, തീവെപ്പ് എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് പറഞ്ഞു. ദൃശ്യയുടെ സമീപവാസികളിൽ നിന്നും ദൃക്സാക്ഷികളിൽ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്.

ഇന്നലെ പുലർച്ചെ രാവിലെ ഏഴ് മണിയോടെയാണ് ദൃശ്യ കൊല്ലപ്പെട്ടത്. വീട്ടിലെ മുറിയിൽ ഉറങ്ങുകയായിരുന്ന ദൃശ്യയെ വിനീഷ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.എളാട് കൂഴന്തറ ചെമ്മാട്ടു വീട്ടിൽ ബാലചന്ദ്രന്റെ മകളും എൽഎൽ.ബി. രണ്ടാംവർഷ വിദ്യാർഥിനിയുമായ ദൃശ്യ (21) ആണ് കൊല്ലപ്പെട്ടത്. ഇളയസഹോദരി ദേവശ്രീ (13)യെ അക്രമം തടയുന്നതിനിടെ പരിക്കേറ്റു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പെരിന്തൽമണ്ണ മുട്ടുങ്ങലിലെ പൊതുവയിൽ കൊണ്ടപറമ്പുവീട്ടിൽ വിനീഷിനെ (21) ആണ് പോലീസ് അറസ്റ്റുചെയ്തത്.

വ്യാഴാഴ്ചരാവിലെ എട്ടുമണിയോടെ ബാലചന്ദ്രന്റെ വീട്ടിലാണു സംഭവം. ബുധനാഴ്ചരാത്രി ബാലചന്ദ്രന്റെ പെരിന്തൽമണ്ണയിലുള്ള സി.കെ. ടോയ്സ് എന്ന സ്ഥാപനം കത്തിനശിച്ചിരുന്നു. പിറ്റേന്ന് ബാലചന്ദ്രനും സഹോദരങ്ങളും രാവിലെ പെരിന്തൽമണ്ണയിലേക്കു പോയസമയത്താണ് പ്രതി വീട്ടിലെത്തി കൃത്യം നടത്തിയത്. ദൃശ്യയുടെ ശരീരത്തിൽ ഇരുപതിലേറെ മുറിവുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker