കോഴിക്കോട്: പേരാമ്പ്രയിലെ കാർ കത്തി ഉണ്ടായ അപകടത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംഭവം ആസൂത്രിതമാണെന്നതിൻ്റെ കൂടുതൽ തെളിവുകൾ പുറത്ത് വന്നു. പമ്പിൽ നിന്ന് യുവതി കന്നാസിൽ ഇന്ധനം വാങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ ദൃശ്യങ്ങളിൽ ഉള്ളത് സോന ആണെന്നാണ് ഉയരുന്ന സംശയം. പൊള്ളലേറ്റ് സോന സംഭവ ദിവസം തന്നെ മരിച്ചിരുന്നു. ഭർത്താവ് രജൻ ലാൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്.
മരിച്ച സോനയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. വാഹനത്തിൻ്റ തകരാർ അല്ല തീപിടിത്തത്തിന് കാരണമെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. തീ പടർന്നത് എൻജിനിൽ നിന്നല്ലെന്നും മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ ബോധ്യമായി. കാറിൽ പെട്രോളുമായി പോകവേയായിരുന്നു തീപിടിത്തമെന്നാണ് സൂചന. സോനയും ഭർത്താവ് രജിൻ ലാലും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. അപകടം നടന്ന ദിവസം സോന ബന്ധുവിന്‍റെ വീട്ടിലായിരുന്നു. അന്ന് പുറത്തു പോയ സോന എന്തെല്ലാം കാര്യങ്ങൾ ചെയ്തുവെന്ന് പൊലീസ് അന്വേഷിക്കുന്നത്. അന്ന് വൈകിട്ടാണ് സോനയെ രജിൻ ലാൽ വന്ന് വിളിച്ചു കൊണ്ടുപോയത്. വീട്ടിലേക്കുള്ള വഴിയിലാണ് അപകടമുണ്ടായത്.
60 ശതമാനത്തിലേറെ പൊള്ളലേറ്റ രജിൻ ലാൽ ചികിത്സയിലാണ്. രജിൻ ലാലിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കാറിന്‍റെ പിൻസീറ്റിലാണ് സോന ഇരുന്നിരുന്നത്. പെട്രോളിന്‍റെ മണം തനിക്ക് കിട്ടി. എന്താണ് പെട്രോളിന്‍റെ മണം എന്ന് താൻ ചോദിച്ചപ്പോഴേക്കും തീ പടർന്നു എന്നാണ് രജിൻ ലാലിന്‍റെ മൊഴി. ഇതെല്ലാം പരിഗണിച്ച് വിശദമായ അന്വേഷണത്തിലാണ് പൊലീസ്.
എട്ടുമാസം ഗർഭിണിയായ പേരാമ്പ്ര പാലേരി കല്ലിക്കണ്ടിവീട്ടിൽ സോന കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് രജിൻ ലാൽ (30) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുവിൽ ചികിത്സയിലാണ്. സംഭവത്തിൽ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. സോനയുടെ പോസ്റ്റുമോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവ ലഭിച്ചയുടൻ പരാതി നൽകാനാണ് തീരുമാനമെന്ന് അമ്മാവൻ എ.കെ.സത്യൻ പറഞ്ഞു.
സോനയെ ഒഴിവാക്കാൻ രജിൻലാലിന്റെ ആസൂത്രണമായിരുന്നു തീപിടിത്തമെന്നാണ് വീട്ടുകാർ ആരോപിച്ചത്. കാറിനുള്ളിൽ മാരകമായ എന്തോ വച്ചിട്ട് രജിൻ സോനയെ മനഃപൂർവം കത്തിച്ചതുപോലെ തോന്നുന്നെന്നും അപകടമുണ്ടായപ്പോൾ പിന്നിലെ ഡോർ തുറക്കാൻ ശ്രമിക്കാതെ തോട്ടിൽചാടി രക്ഷപ്പെടാനാണ് ശ്രമിച്ചതെന്നും കുടുംബം ആരോപിച്ചു. അപകടകാരണം ഷോർട്ട് സർക്യൂട്ടല്ലെന്നാണ് ഫോറൻസിക്കിന്റെ പ്രാഥമിക നിഗമനം. കാറിനുള്ളിലെ വയറിംഗിനും ഇന്ധന ടാങ്കിനും തകരാറുകളില്ലെന്ന് മോട്ടോർ വാഹന വകുപ്പും ഫോറൻസിക് വിദഗദ്ധരും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
English Summary:
In a major breakthrough in the Perambra car fire case, crucial CCTV footage has emerged showing a woman, suspected to be the deceased Sona, purchasing fuel in a jerrycan from a petrol pump. This development strongly indicates that the incident was premeditated. While Sona died on the day of the incident, her husband, Rajin Lal, is currently undergoing treatment with over 60% burns. The Motor Vehicle Department’s inspection had already ruled out mechanical or engine failure as the cause of the fire. Police revealed that the couple had marital discords, and further investigation is underway based on Rajin Lal’s statement and the new digital evidence.


