കാറിനുള്ളിലും മൃതദേഹത്തിലും പെട്രോൾ; കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ വമ്പൻ ട്വീസ്റ്

പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്. കാറിനുള്ളിൽനിന്ന് പെട്രോൾ കത്തിയാണ് തീപിടിച്ചതെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയെന്നാണ് സൂചന. ഇതെങ്ങനെ വന്നുവെന്ന കാര്യമാണ് ഇനി സ്ഥിരീകരിക്കേണ്ടത്. ഇക്കാര്യത്തിലും നിർണായകമായ തെളിവുകൾ പോലീസിന് ലഭിച്ചുവെന്നാണ് വിവരം. ഔദ്യോഗികമായി പോലീസ് കാര്യങ്ങൾ വ്യക്തമാക്കിയിട്ടില്ല. കുറച്ചുകൂടി സ്ഥിരീകരണത്തിനായി കാത്തുനിൽക്കുകയാണ്. അടുത്തദിവസംതന്നെ പൂർണവിവരം പറയാൻ കഴിയുമെന്ന് പോലീസ് പറഞ്ഞു.

കാറിന്റെ ഉൾവശം മാത്രം കത്തിയതിനാൽ ആദ്യംമുതലേ തീപ്പിടിത്തത്തിൽ ദുരൂഹത പോലീസ് സംശയിച്ചിരുന്നു. ബോണറ്റിലെ എൻജിൻ ഭാഗത്തോ ഡീസൽ ടാങ്കുള്ള ഭാഗത്തോ കത്തിയിരുന്നില്ല. കാറിൽനിന്ന് ലഭിച്ച ബാഗിന്റെ അവശിഷ്ടമടക്കമുള്ള വസ്തുക്കളെല്ലാം ഫൊറൻസിക് പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. പെട്രോൾ നിറച്ചതെന്ന് സംശയിക്കുന്ന കാനിന്റെ അടപ്പും പോലീസിന് വാഹനത്തിൽനിന്ന് ലഭിച്ചതായാണ് വിവരം.

വെള്ളിയാഴ്ച രാത്രി ഒൻപതോടെയാണ് കാർ കത്തിയത്. സംഭവത്തിൽ കക്കറമുക്ക് പൂവത്തുംചാലിൽ രജിൻലാലിന്റെ ഭാര്യ സോന (27) ആണ് മരിച്ചത്. കാർ ഓടിച്ച ഭർത്താവ് രജിൻലാൽ (34) ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാർ ഓടിക്കൂടിയാണ് കാറിലെ തീ കെടുത്തിയത്. പൊള്ളലേറ്റ രജിൻലാലിന് കാറിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നു. പിൻസീറ്റിലാണ് സോന പൊള്ളലേറ്റ് കിടന്നിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News