വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; സ്‌കൂളിന്റെ സ്റ്റാഫ് റൂം നാട്ടുകാര്‍ തല്ലിത്തകര്‍ത്തു
സുല്‍ത്താന്‍ ബത്തേരി: വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ സ്‌കൂളിന്റെ സ്റ്റാഫ് റൂം നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. സ്റ്റാഫ് റൂമില്‍ അധ്യാപകരില്‍ ചിലരുണ്ടെന്നാരോപിച്ചാണ് റൂം തകര്‍ത്തത്. നേരത്തേ, സ്‌കൂളിലെത്തിയ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ നാട്ടുകാര്‍ തടഞ്ഞിരിന്നു. അധ്യാപകര്‍ക്കെതിരേ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതേ തുടര്‍ന്ന് ആരോപണം നേരിട്ട ഷജില്‍ എന്ന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
പ്രതിഷേധം ഭയന്ന് സ്റ്റാഫ് റൂം പൂട്ടിയിട്ട് അതിനകത്തിരിക്കുകയായിരുന്നു അധ്യാപകര്‍. ഈ മുറിയുടെ പൂട്ടാണ് നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് പൊളിച്ച് അകത്തേക്ക് കയറിയത്. കുട്ടിയുടെ മരണത്തിന് കാരണം അധ്യാപകരുടെ അനാസ്ഥയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വൃത്തിഹീനമായ അന്തരീക്ഷമാണ് സ്‌കൂളിലുള്ളത്. എന്നിട്ടും സിമന്റിട്ട വൃത്തിഹീനമായ തറയില്‍ ചെരുപ്പിട്ട് കയറാന്‍ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ സമ്മതിച്ചിരുന്നില്ല.
കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിച്ചതും ക്ലാസ് മുറികള്‍ വേണ്ട രീതിയില്‍ പരിപാലിക്കാത്തതുമാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് രക്ഷിതാക്കളും നാട്ടുകാരും ആരോപിച്ചു. ക്ലാസ് മുറികളില്‍ നിരവധി മാളങ്ങള്‍ ഇനിയുമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.