തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ്, ജൂണ്‍ മാസത്തെ പെന്‍ഷനാണ് നല്‍കുക. നാല്‍പ്പത്തെട്ടര ലക്ഷം പേരുടെ കൈകളില്‍ പെന്‍ഷനെത്തും. ക്ഷേമനിധി ബോര്‍ഡുകളില്‍ 11 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ കിട്ടുക. സാമൂഹ്യപെന്‍ഷന്‍ 1165 കോടിയും ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 160 കോടിയുമാണ് വേണ്ടി വരിക. ഇത് അനുവദിച്ചു. മസ്റ്റര്‍ ചെയ്യാനുള്ള തീയതി ജൂലൈ 22 വരെയാണ്.
ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഭവനരഹിതരായ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വീട് വയ്ക്കാനാണ് ലക്ഷ്യം. വിവിധ വകുപ്പുകളുടെ ഉടമസ്ഥതയില്‍ കണ്ടെത്തുന്ന സ്ഥലങ്ങള്‍ മാത്രം മതിയാകില്ല. ഇതിനാല്‍ ഭവനസമുച്ചയങ്ങളുണ്ടാക്കാന്‍ സുമനസ്സുകളുടെ സഹായം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹകരണസംഘങ്ങളുടെ നേതൃത്വത്തില്‍ വീട് നല്‍കാനുള്ള കെയര്‍ ഹോം പദ്ധതിയുടെ രണ്ടാംഘട്ടം നാളെ തുടങ്ങും. ഒന്നാം ഘട്ടത്തില്‍ 2000 വീടുകള്‍ നിര്‍മിക്കാനായിരുന്നു തീരുമാനം. എല്ലാ വീടുകളും പൂര്‍ത്തിയാക്കി കൈമാറി. ഭൂരഹിത, ഭവനരഹിതര്‍ക്കുള്ള ഫ്‌ലാറ്റ് നിര്‍മാണമാണ് ഈ ഘട്ടത്തിലുള്ളത്.