ന്യൂഡല്‍ഹി: ഇസ്രായേലിലെ എന്‍.എസ്.ഒ. ഗ്രൂപ്പിന്റെ പെഗാസസ് ചാര സോഫ്റ്റ് വെയറിലൂടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ഇന്ത്യ ഉള്‍പ്പെടെയള്ള രാജ്യങ്ങള്‍ ചെലവഴിക്കുന്നത് വന്‍തുക. ഒരു ഫോണില്‍ നിന്ന് നിശ്ചിതകാലയളവിലേക്ക് വിവരം ചോര്‍ത്താന്‍ ശരാശരി അഞ്ച് മുതല്‍ ആറ് കോടി രൂപവരെയാകുമെന്ന് ദി സിറ്റിസണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യല്‍, വിവരക്കൈമാറ്റം, പരിപാലന ചെലവ് എന്നിങ്ങനെ മൂന്ന് തലത്തിലാണ് വിവരം ചോര്‍ത്തലിന് പണം ഈടാക്കുന്നത്.
ചോര്‍ത്തുന്ന ഫോണുകളുടെ എണ്ണത്തിനനുസരിച്ച് ഒരു നിശ്ചിത കാലയളവിലേക്കാണ് തുക നല്‍കേണ്ടത്. അതിനുശേഷം പുതുക്കാന്‍ വീണ്ടും വന്‍തുക നല്‍കണം. പെഗാസസ് സോഫ്റ്റ് വെയര്‍ ഒരു ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മാത്രം വാങ്ങുന്നത് അഞ്ച് ലക്ഷം ഡോളറാണ് (3.72 കോടി രൂപ). ഫോണിലെ വിവരങ്ങള്‍ ലഭിക്കാന്‍ വേറെ പണം നല്‍കണം.
ഫോണുകള്‍ അനുസരിച്ച് വിവര വിലയില്‍ വ്യത്യാസമുണ്ട്. പത്ത് ഐ ഫോണ്‍, ആന്‍ഡ്രോയിഡ് ഫോണ്‍ എന്നിവയില്‍ നിന്ന് ചോര്‍ത്തിയ വിവരം ലഭിക്കാന്‍ 6.5 ലക്ഷം ഡോളറാണ് (4.83 കോടി രൂപ). അതേസമയം അഞ്ച് ബ്ലാക്ക്‌ബെറി പാക്കേജിന് 5 ലക്ഷം ഡോളറും (3.72 കോടി രൂപ) അഞ്ച് സിംബിയന്‍ ഫോണിന് 3 ലക്ഷം ഡോളറും (2.23 കോടി രൂപ) നല്‍കണം.
ഇന്ത്യയില്‍ 2017 മുതല്‍ 2019 വരെ പുറത്തുവന്ന കണക്ക് പ്രകാരം ഏകദേശം മുന്നൂറോളം പേരുടെ ഫോണ്‍ ചോര്‍ത്തിയിട്ടുണ്ട്. 300 ഫോണ്‍ നിശ്ചിത കാലയളവിലേക്ക് ചോര്‍ത്താന്‍ കുറഞ്ഞത് 1500 കോടി രൂപയെങ്കിലും വേണം. 40 രാജ്യത്തായി 60 ഉപയോക്താക്കളാണ് പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത്. ഇതില്‍ 51 ശതമാനവും ചാര സംഘടനകളാണ്. 38 ശതമാനം സുരക്ഷാ ഏജന്‍സികളും 11 ശതമാനം സൈന്യവുമാണ്.
ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ് വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്‌വേര്‍ഡ്,ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ്. ലൊക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.
16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍ , ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം. പെഗാസസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അന്വേഷണം നടത്തിയ മാധ്യമസ്ഥാപനങ്ങള്‍ അറിയിക്കുന്നു. ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ് ചോര്‍ത്തിയത് എന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം.
പല രാജ്യങ്ങളിലും ഭരണകൂടങ്ങള്‍ തന്നെ ഇസ്രഈല്‍ ചാര സോഫ്റ്റ് വെയര്‍ വിലയ്ക്ക് വാങ്ങി തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോണ്‍ ചോര്‍ത്തി എന്നാണ് മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നത്. രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ ഫോണുകളാണ് വ്യാപകമായി ചോര്‍ത്തപ്പെട്ടത്.
2019ലാണ് പെഗാസസ് സോഫ്റ്റ് വെയര്‍ ആഗോളതലത്തില്‍ ചര്‍ച്ചയാവുന്നത്. 20 രാജ്യങ്ങളില്‍ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോര്‍ന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്ട്‌സ്ആപ്പ് യു.എസ്. ഫെഡറല്‍ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോര്‍ത്തല്‍ അന്ന് ശരിക്കും പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗാസസ് ആക്രമണത്തില്‍ ഇന്ത്യക്കാരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടുവെന്ന് വെളിപ്പെടുത്തലുമായി ചില വാര്‍ത്തകള്‍ വന്നിരുന്നു.