ന്യൂഡൽഹി:മുതിർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ പാർട്ടി വിട്ടു. പാർട്ടിയിൽ നിന്നുള്ള കടുത്ത അവഗണനയുടെ പശ്ചാത്തലത്തിലാണ് പാർട്ടി വിട്ടത്. ഇത്തവണ സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിൽ കടുത്ത അമർഷത്തിലായിരുന്നു ചാക്കോ. ഇതാണ് പെട്ടെന്നുള്ള രാജിപ്രഖ്യാപനത്തിലേക്ക് എത്തിയതെന്നാണ് സൂചന.
കോൺഗ്രസ് എന്നൊരു പാർട്ടി കേരളത്തിലില്ല, എ കോൺഗ്രസും ഐ കോൺഗ്രസുമേയുള്ളൂ. ആ രണ്ട് പാർട്ടികളും തമ്മിലുള്ള സീറ്റ് വീതം വയ്പ്പാണ് നടക്കുന്നതെന്ന് പി സി ചാക്കോ ആരോപിക്കുന്നു
തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പിസിചാക്കോയുടെ നിർണായക നീക്കമെന്നത് ശ്രദ്ധേയമാണ്. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതെന്നും മുതിർന്ന നേതാക്കളോട് സ്ഥാനാർത്ഥി വിഷയം ചർച്ച ചെയ്യണമെന്നുള്ള ഹൈക്കമാൻഡ് നിർദ്ദേശം സംസ്ഥാന നേതാക്കൾ പരിഗണിച്ചില്ലെന്നുമാണ് ചാക്കോ ഉയർത്തുന്ന വിഷയം. മുതിർന്ന നേതാക്കളെ അദ്ദേഹം തന്റെ അതൃപ്തി അറിയിച്ചിട്ടുണ്ട്. നിലവിൽ പിസി ചാക്കോയുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് നിലപാടൊന്നും സ്വീകരിച്ചിട്ടില്ല.