പയ്യന്നൂരില്‍ യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിന്റെ പീഡനം കാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍

കണ്ണൂര്‍: പയ്യന്നൂരില്‍ യുവതി ആത്മഹത്യ ചെയ്തത് ഭര്‍തൃ പീഡനത്തെ തുടര്‍ന്നെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. ഈ മാസം രണ്ടിന് രാമന്തളി സ്വദേശിനിയായ ഷമീലയാണ് ഭര്‍ത്താവിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി വച്ച ശേഷം ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയത്. സംഭവം നടന്ന് ഒരുമാസം ആകുമ്പോഴും പ്രതി റഷീദിനെ പിടികൂടാതെ പൊലീസ് അലംഭാവം കാട്ടുകയാണെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു.

ഏഴ് വര്‍ഷം മുമ്പാണ് റഷീദും ഷമീലയും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് കുഞ്ഞുങ്ങളുമുണ്ട്. ആദ്യത്തെ കുറച്ച് വര്‍ഷം സന്തോഷം നിറഞ്ഞതായിരുന്നു ഇവരുടെ ജീവിതമെന്നും, പിന്നീടാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

അതേസമയം, പ്ലസ് ടൂ വരെ പഠിച്ച ഷമീല ആരോടും ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞിരുന്നില്ല. ഗള്‍ഫില്‍ ജോലി ഉണ്ടായിരുന്ന റഷീദ് കഴിഞ്ഞ വര്‍ഷമാണ് നാട്ടിലെത്തിയത്. അസ്വാഭിക മരണത്തിന് പയ്യന്നൂര്‍ പൊലീസ് കേസെടുത്തെങ്കിലും റഷീദിനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. അതേസമയം, ബന്ധുവീട്ടില്‍ കഴിയുന്ന റഷീദ് ആരോപണങ്ങള്‍ നിഷേധിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News