31.1 C
Kottayam
Tuesday, May 14, 2024

അനിൽകാന്ത്‌ പുതിയ പൊലീസ്‌ മേധാവി

Must read

തിരുവനന്തപുരം:സംസ്ഥാന പൊലീസ്‌ മേധാവിയായി അനിൽകാന്തിനെ നിയമിക്കുവാൻ ഇന്ന്‌ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ റോഡ്‌ സുരക്ഷാ കമീഷണറാണ്‌ അനിൽകാന്ത്‌. ഡൽഹി സ്വദേശിയായ അനിൽകാന്ത്‌ 1988 ബാച്ച്‌ ഐപിഎസ്‌ ഉദ്യോഗസ്‌ഥനാണ്‌. കൽപറ്റ എഎസ്‌പിയായാണ്‌ പൊലീസിൽ സേവനം തുടങ്ങിയത്‌.

ഡിജിപിയായിരുന്ന ലോക്‌നാഥ്‌ ബെഹ്‌റ ഇന്ന്‌ സ്‌ഥാനമൊഴിഞ്ഞതോടെയാണ്‌ പുതിയ ഡിജിപിയെ നിയമിക്കുന്നത്‌. യുപിഎസ്‌സി തയ്യാറാക്കിയ മൂന്നംഗ പാനലിൽനിന്നാണ്‌ അനിൽകാന്തിനെ നിയമിച്ചത്‌. ഡിജിപിയായി ഇന്ന്‌ വൈകിയിട്ട്‌ ചുമതലയേൽക്കും.

വിജിലൻസ്‌ ഡയറക്‌ടർ കെ സുദേഷ്‌കുമാർ, അഗ്‌നിസുരക്ഷാ സേനാ മേധാവി ബി സന്ധ്യ എന്നിവരാണ്‌ അനിൽകാന്തിന്‌ പുറമെ പാനലിലുണ്ടായിരുന്നത്‌. ആദ്യമായാണ്‌ കേരളം ഈ സ്‌ഥാനത്തേക്ക്‌ യുപിഎസ്‌സി ചുരുക്കപട്ടികയിൽനിന്ന്‌ നിയമനം നടത്തുന്നത്‌. 12 പേരുടെ ലിസ്‌റ്റാണ്‌ സംസ്‌ഥാന സർക്കാർ കൈമാറിയിരുന്നത്‌. ഇതിൽനിന്നാണ്‌ മൂന്നംഗ പാനൽ തയ്യാറാക്കിയത്‌.

1988 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ്. കേരളാകേഡറില്‍ എ.എസ്.പി ആയി വയനാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡെല്‍ഹി, ഷില്ലോംങ് എന്നിവിടങ്ങളില്‍ ഇന്‍റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും പ്രവര്‍ത്തിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണല്‍ എക്സൈസ് കമ്മീഷണര്‍ ആയിരുന്നു. എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്‍, പോലീസ് ആസ്ഥാനം, സൗത്ത്സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എ.ഡി.ജി.പി ആയും ജോലി നോക്കി. ജയില്‍ മേധാവി, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മീഷണര്‍ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്.

വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. 64 ാമത് ആള്‍ ഇന്ത്യ പോലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്‍റേഷനും 2018 ല്‍ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു.പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ്.
ഡല്‍ഹി സ്വദേശിയാണ്. പരേതനായ റുമാല്‍ സിംഗ് അച്ഛനും ശകുന്തള ഹാരിറ്റ് അമ്മയുമാണ്. ഭാര്യ പ്രീത ഹാരിറ്റ്, മകന്‍ റോഹന്‍ ഹാരിറ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week